പ്രവാസികൾക്ക് വലിയ ആശ്വാസം; ദുബായിൽ പ്രതിമാസ വാടക പേയ്‌മെന്റ് സംവിധാനം നിലവിൽ വന്നു

വാടകക്കാർക്ക് സാമ്പത്തിക ഇളവുകൾ നൽകുന്ന കൂടുതൽ ആനുകൂല്യങ്ങളും ഇതിലുണ്ട്

ദുബായിലെ പ്രവാസികൾക്കും മറ്റ് താമസക്കാർക്കും വലിയ ആശ്വാസമാകുന്ന പുതിയ വാടക നയം പ്രഖ്യാപിച്ച് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്. വാടകക്കാർക്ക് പ്രതിമാസ തവണകളായി തുക അടയ്ക്കാൻ സൗകര്യമൊരുക്കുന്ന ‘ഫ്ലെക്സി റെന്റ്സ്’ എന്ന പദ്ധതിക്കാണ് ഡിപാർട്ട്മെന്റ് തുടക്കം കുറിച്ചിരിക്കുന്നത്. ദുബായിലെ 12 പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളുമായി സഹകരിച്ചാണ് ഈ പുതിയ ക്രമീകരണം നടപ്പിലാക്കുന്നത്. പുതിയതായി വീടെടുക്കുന്നവർക്കും നിലവിൽ വാടകയ്ക്ക് താമസിക്കുന്നവർക്കും ഒരുപോലെ ഈ ആനുകൂല്യം ലഭിക്കും.

വർഷത്തിൽ ഒന്നോ അല്ലെങ്കിൽ ചുരുങ്ങിയ ചെക്കുകളായോ വലിയ തുക ഒന്നിച്ചു നൽകുന്ന രീതിക്ക് പകരം, വാടക തുക 12 മാസത്തെ തവണകളായി അടയ്ക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും. വാടക നൽകുന്നതിനായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ചെക്കുകൾ എന്നിവ ഉപയോഗിക്കാനുള്ള സൗകര്യവും പുതിയ സംവിധാനത്തിലുണ്ട്. വലിയ തുക വാടകയായി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് തങ്ങളുടെ സാമ്പത്തിക ആസൂത്രണം കൂടുതൽ എളുപ്പമാക്കാൻ ഈ പ്രതിമാസ വാടക സംവിധാനം വലിയൊരു അനുഗ്രഹമായി മാറും.

വാടകക്കാർക്ക് സാമ്പത്തിക ഇളവുകൾ നൽകുന്ന കൂടുതൽ ആനുകൂല്യങ്ങളും ഇതിലുണ്ട്. മുമ്പ് നാല് ചെക്കുകളായി വാടക നൽകാൻ കരാറിലേർപ്പെട്ടവർ പുതിയ പ്രതിമാസ പേയ്‌മെന്റ് പ്ലാനിലേക്ക് മാറുമ്പോൾ സാധാരണ ഈടാക്കാറുള്ള കാലതാമസ ഫീസുകൾ ഒഴിവാക്കി നൽകും. കൂടാതെ വാടക കരാറുകളിൽ പ്രത്യേകമായി ഇളവ് നൽകുന്ന ഗ്രേസ് പിരീഡുകൾ അനുവദിക്കാനും ചില പ്രത്യേക സാഹചര്യങ്ങളിൽ വാടക വർദ്ധനവ് ഒഴിവാക്കി നൽകാനും റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് സാധിക്കും.

ജനങ്ങളുടെ താമസം കൂടുതൽ ലളിതമാക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചതെന്ന് ദുബായ് ലാൻഡ് ഡിപാർട്ട്മെന്റിലെ റെന്റൽ അഫയേഴ്സ് വിഭാഗം ഡയറക്ടർ ഖാലിദ് അൽ ഷൈബാനി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 12 പ്രമുഖ കമ്പനികളുമായി ചേർന്നാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. എങ്കിലും വരും സമയങ്ങളിൽ ദുബായ് വിപണിയിലെ കൂടുതൽ റിയൽ എസ്റ്റേറ്റ് കമ്പനികളെ ഇതിന്റെ ഭാഗമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം ദുബായിൽ 12 ലക്ഷത്തോളം വാടകക്കരാറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച താമസ-തൊഴിൽ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ വരും മാസങ്ങളിൽ കൂടുതൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Tenants in Dubai can now benefit from a new monthly rent payment system, reducing the burden of large upfront rental payments. The initiative is expected to provide significant relief for expatriates and improve affordability and cash-flow management for residents.

To advertise here,contact us