യുഎഇ നിവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഗതാഗത ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ചുകൊണ്ട്, പാസഞ്ചർ ട്രെയിനുകളുടെ ആദ്യഘട്ട സർവീസ് ജൂൺ 30-ന് ആരംഭിക്കും. തുടർന്ന് സെപ്റ്റംബർ 30-ഓടെ സർവീസുകൾ പൂർണതോതിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നിർമിച്ച അത്യാധുനിക പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ഇതോടെയാണ് പാസഞ്ചർ സർവീസുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലാണ് ട്രെയിനിന്റെ ആദ്യ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വെറും ഒരു മണിക്കൂർ 45 മിനിറ്റ് കൊണ്ട് ഈ യാത്ര പൂർത്തിയാക്കാം.
റെയിൽവേ ശൃംഖല പൂർണസജ്ജമാകുന്നതോടെ യുഎഇയിലെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ഇത് പരസ്പരം ബന്ധിപ്പിക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, അൽ ദൈദ്, അൽ ദന്ന, അൽ ഫയ, മദീനത്ത് സായിദ്, മെസൈറ, അൽ മിർഫ, അൽ സില എന്നീ പ്രധാന സ്റ്റേഷനുകളിലൂടെയാകും ട്രെയിൻ കടന്നുപോകുക. വിവിധ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതി യുഎഇയുടെ സാമ്പത്തിക, ടൂറിസം മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.
യാത്രക്കാർക്ക് ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. സാധാരണക്കാർക്കും പ്രാപ്യമാകുന്ന രീതിയിൽ കംഫർട്ട് ക്ലാസിന് 55 ദിർഹം മുതലും പ്രീമിയം ക്ലാസിന് 120 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന 13 അത്യാധുനിക ട്രെയിനുകളാണ് സർവീസിനായി തയ്യാറാക്കിയിട്ടുള്ളത്. ഒരു ട്രെയിനിൽ ഒരേസമയം 400 പേർക്ക് വരെ സുഖകരമായി യാത്ര ചെയ്യാം.
യാത്രക്കാരുടെ സൗകര്യാർത്ഥം ട്രെയിനുകൾക്കുള്ളിൽ തന്നെ മികച്ച ഡൈനിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, ട്രെയിൻ സ്റ്റേഷനുകളെ കേവലം യാത്രയ്ക്കുള്ള ഇടങ്ങൾ എന്നതിനപ്പുറം മികച്ച 'ലൈഫ് സ്റ്റൈൽ ഹബ്ബുകളായാണ്' വികസിപ്പിച്ചിരിക്കുന്നത്. പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ കഫേകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം സ്റ്റേഷനുകളിൽ യാത്രക്കാരെ കാത്തിരിക്കുന്നുണ്ട്. വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്.
Content Highlights: Etihad Rail is preparing to launch its passenger train service, marking a significant development in the UAE's transportation network. The service is expected to improve inter-emirate connectivity, offer faster travel options, and support economic growth and sustainable mobility.