വിനോദത്തിനും വാണിജ്യത്തിനും ഡ്രോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഷാർജയിൽ പുതിയ നിയമം

പൊതു സ്ഥാപനങ്ങൾക്ക് വേണ്ടി ഡ്രോൺ പ്രവർത്തിപ്പിക്കുന്നവർക്കും ഈ നിയമം ബാധകമാണ്

ഷാർജയിൽ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഫ്രീ സോണുകൾ ഉൾപ്പെടെ എമിറേറ്റിലുടനീളമുള്ള എല്ലാത്തരം ഡ്രോണുകൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.

വിവാഹങ്ങൾ, റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ, കായിക മത്സരങ്ങൾ എന്നിവ ചിത്രീകരിക്കുന്നതിനായി ഡ്രോണുകളുടെ ഉപയോഗം വ്യാപകമായ പശ്ചാത്തലത്തിലാണ് ഷാർജയുടെ പുതിയ നീക്കം. വാണിജ്യം, മാധ്യമം, ഗവേഷണം, വിനോദം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണുകളുടെ പെർമിറ്റ്, രജിസ്ട്രേഷൻ, ഫ്ലൈറ്റ് പാതകൾ, പറക്കാൻ അനുവദനീയമായ മേഖലകൾ എന്നിവയെല്ലാം പുതിയ നിയമത്തിന് കീഴിൽ വരും. പൊതു സ്ഥാപനങ്ങൾക്ക് വേണ്ടി ഡ്രോൺ പ്രവർത്തിപ്പിക്കുന്നവർക്കും ഈ നിയമം ബാധകമാണ്. എന്നാൽ സൈനിക-സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യുഎഇയിലെ മൾട്ടി ടയർ നിയന്ത്രണ സംവിധാനത്തിന്റെ ഭാഗമായാണ് ഷാർജയുടെ ഈ നടപടി. യുഎഇയിൽ ഡ്രോൺ പറത്തുന്നവർ ഫെഡറൽ നിയമങ്ങൾക്ക് പുറമെ, അവർ ജീവിക്കുന്ന എമിറേറ്റിന്റെ പ്രത്യേക ചട്ടങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻപുണ്ടായ ചില നിയമലംഘനങ്ങളെ തുടർന്ന് ദുബായിൽ വിനോദ ആവശ്യങ്ങൾക്കായുള്ള ഡ്രോൺ ഉപയോഗം നിലവിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

അതേസമയം, താമസക്കാർക്ക് ഡ്രോൺ ലൈസൻസുകൾക്കായി അപേക്ഷിക്കാൻ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഏകീകൃത ഓൺലൈൻ പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് ഡ്രോണുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭാവിയിൽ വിനോദസഞ്ചാരികൾക്കും ഈ പോർട്ടൽ വഴി അനുമതി നൽകും. ഡ്രോണുകൾ വഴി സാധനങ്ങൾ ഡെലിവറി ചെയ്യുന്നതുൾപ്പെടെയുള്ള ഭാവിയിലെ വലിയ സാങ്കേതിക മുന്നേറ്റങ്ങൾക്ക് മുന്നോടിയായി എമിറേറ്റിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാർജ ഇപ്പോൾത്തന്നെ കർശന നിയമനിർമ്മാണം നടത്തിയിരിക്കുന്നത്.

Content Highlights: Authorities in Sharjah have announced new rules for individuals and businesses using drones for recreational or commercial purposes. The regulations are aimed at enhancing airspace safety, ensuring responsible drone operations, and improving regulatory compliance.

To advertise here,contact us