കടുത്ത വേനലിൽ ആശ്വാസമായി ആർടിഎ; ദുബായിലെ ഡെലിവറി റൈഡർമാർക്കായി 23 വിശ്രമ കേന്ദ്രങ്ങൾ

വിശ്രമ സൗകര്യങ്ങൾക്ക് പുറമെ റൈഡർമാർക്കായി ഭക്ഷണവും ഇവിടെ വിതരണം ചെയ്യുന്നുണ്ട്

കടുത്ത വേനൽച്ചൂടിൽ ദുബായിലെ ഡെലിവറി റൈഡർമാർക്ക് വലിയ ആശ്വാസവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഉച്ചവിശ്രമ നിയമം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മെട്രോ, ബസ് സ്റ്റേഷനുകളിലായി 23 താത്കാലിക വിശ്രമ കേന്ദ്രങ്ങളാണ് ആർടിഎ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിശ്രമ കേന്ദ്രങ്ങളുടെ എണ്ണത്തിൽ 53 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ വരുത്തിയിട്ടുള്ളത്.

യുഎഇയിൽ ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം മൂന്ന് മണി വരെ പുറംജോലികൾക്ക് വിലക്കേർപ്പെടുത്തുന്ന ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. സെപ്റ്റംബർ 15 വരെയാണ് ഇത് നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തിൽ, കടുത്ത ചൂടിൽ നിന്നും റൈഡർമാരെ സംരക്ഷിക്കുന്നതിനാണ് ആർടിഎ കൂടുതൽ താത്കാലിക വിശ്രമ കേന്ദ്രങ്ങൾ സജ്ജമാക്കിയത്. ഇത്തവണ എട്ട് പുതിയ കേന്ദ്രങ്ങൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.

ഡെലിവറി തൊഴിലാളികൾക്ക് പുതിയ ഓർഡറുകൾക്കായി കാത്തിരിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി സുരക്ഷിതമായ ഇടങ്ങൾ നൽകുന്നതിലൂടെ റോഡപകടങ്ങൾ കുറയ്ക്കാനും അവരുടെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കുമെന്ന് ആർടിഎ വ്യക്തമാക്കി. ഗോൾഡ് സൂക്ക്, അൽ സത്വ, അൽ ജാഫിലിയ, അൽ ഖുസൈസ്, അൽ കറാമ എന്നീ ബസ് സ്റ്റേഷനുകളിലും സെന്റർപോയിന്റ്, ബുർജുമാൻ, ഇബ്ൻ ബത്തൂത്ത തുടങ്ങിയ പ്രമുഖ മെട്രോ സ്റ്റേഷനുകളിലുമാണ് ഈ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

വിശ്രമ സൗകര്യങ്ങൾക്ക് പുറമെ റൈഡർമാർക്കായി ഭക്ഷണവും ഇവിടെ വിതരണം ചെയ്യുന്നുണ്ട്. യുഎഇ ഫുഡ് ബാങ്കും 'ഡെലിവറൂ'വും സംയുക്തമായാണ് ബസ് സ്റ്റേഷനുകളിലെ കേന്ദ്രങ്ങളിൽ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദുബായിൽ ഡെലിവറി കമ്പനികളുടെ എണ്ണം 18 ശതമാനം വർദ്ധിച്ച് 2,948-ൽ എത്തിയ സാഹചര്യത്തിലാണ് തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയുള്ള ആർടിഎയുടെ ഈ നിർണ്ണായക ഇടപെടലുണ്ടായിരിക്കുന്നത്.

Content Highlights: The Roads and Transport Authority (RTA) in Dubai has set up 23 dedicated rest stations for delivery riders across the emirate. The initiative aims to enhance rider safety and well-being by offering comfortable spaces to rest during the intense summer heat.

To advertise here,contact us