ആദ്യ ടിക്കറ്റിൽ തന്നെ ഭാ​ഗ്യം തുണച്ചു; ബി​ഗ് ടിക്കറ്റ് വിജയം സ്വന്തമാക്കി മലയാളി വിദ്യാർത്ഥി

സർവകലാശാലയിൽ പഠനത്തിൽ മുഴുകിയിരിക്കുമ്പോഴാണ് സമ്മാനവിവരം അറിയുന്നത്

അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെടെ നാല് പേർക്ക് ഭാഗ്യകടാക്ഷം. ഇന്ത്യക്കാരായ മൂന്ന് പേർക്കും ഒരു ബംഗ്ലാദേശ് സ്വദേശിക്കുമാണ് 25,000 ദിർഹം (ഏകദേശം ആറര ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വീതം സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ഉപരിപഠനത്തിനായി ദുബായിലെത്തിയ മലയാളി വിദ്യാർത്ഥി അദ്വൈത് സുരേഷ് (21) നായരാണ് വിജയികളിലൊരാളെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യമായി എടുത്ത ബിഗ് ടിക്കറ്റിന് തന്നെ അദ്വൈതിനെ ഭാഗ്യം തേടിയെത്തുകയായിരുന്നു. അദ്വൈതിന്റെ മാതാപിതാക്കൾ ബഹ്റൈനിലാണ്. സർവകലാശാലയിൽ പഠനത്തിൽ മുഴുകിയിരിക്കുമ്പോഴാണ് സമ്മാനവിവരം അദ്വൈത് അറിയുന്നത്. ഈ തുക തന്റെ പഠനച്ചെലവുകൾക്കായി ഉപയോഗിക്കാനാണ് അദ്വൈതിന്റെ തീരുമാനം.

ദുബായ് ഇസ്‌ലാമിക് ബാങ്ക് ജീവനക്കാരനായ വിജയ് മെനെസെസാണ് രണ്ടാമത്തെ വിജയി. കർണാടക മംഗളൂരു സ്വദേശിയാണ് ഇദ്ദേഹം. 1998 മുതൽ കുടുംബത്തോടൊപ്പം ദുബായിൽ സ്ഥിരതാമസമാണ് വിജയ്. കഴിഞ്ഞ മൂന്ന് വർഷമായി ഇദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. കുടുംബാംഗങ്ങളുടെ ജനനത്തീയതികൾ ഉൾപ്പെടുത്തി ടിക്കറ്റ് നമ്പർ തിരഞ്ഞെടുക്കുന്നതാണ് വിജയ്‌യുടെ രീതി. ഇത്തവണ സ്വന്തം ജന്മദിനമായ 12-ാം തീയതി ഉൾപ്പെടുത്തി വാങ്ങിയ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. വരുന്ന ഓഗസ്റ്റിൽ കുടുംബത്തോടൊപ്പം നടത്താനിരിക്കുന്ന യാത്രയ്ക്ക് ഈ തുക വിനിയോഗിക്കുമെന്ന് വിജയ് അറിയിച്ചു.

ദുബായിൽ കമ്യൂണിക്കേഷൻസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ വരുൺ ഭരദ്വാജ് (28) ആണ് സമ്മാനം നേടിയ മറ്റൊരു ഇന്ത്യക്കാരൻ. ഒരു വർഷം മുൻപ് മാത്രം യുഎഇയിൽ എത്തിയ വരുൺ ജോലിത്തിരക്കുകൾക്കിടയിലാണ് സമ്മാനവിവരമറിയുന്നത്. കടബാധ്യതകൾ തീർക്കാനും ഭാവിലേക്കുള്ള നിക്ഷേപങ്ങൾക്കുമായി ഈ തുക മാറ്റിവെയ്ക്കാനാണ് വരുണിന്റെ തീരുമാനം. 2007 മുതൽ യുഎഇയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് നസീം ജലാലാണ് നാലാമത്തെ വിജയി. നേരിട്ട് കൗണ്ടറിലെത്തി ടിക്കറ്റെടുത്ത നസീം, സമ്മാനത്തുക തന്റെ ബിസിനസ്സ് വിപുലീകരിക്കാൻ ഉപയോഗിക്കുമെന്ന് വ്യക്തമാക്കി.

Content Highlights: A Malayali student achieved an impressive Big Ticket win with the first ticket ever purchased. The unexpected victory has made the student one of the latest lucky winners in the popular UAE raffle draw.

To advertise here,contact us