ദുബായിൽ ട്രാഫിക് സിഗ്നലുകൾ അവഗണിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. സിഗ്നൽ ലംഘനം മൂലം ഉണ്ടായ അപകടങ്ങളിൽ ഈ വർഷം ഇതുവരെ നാല പേർ മരിക്കുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള കടുത്ത നടപടികളാണ് ദുബായിൽ കാത്തിരിക്കുന്നത്.
2026-ന്റെ തുടക്കം മുതൽ ഇതുവരെ റെഡ് സിഗ്നൽ ലംഘിച്ചതുമൂലം 41 റോഡപകടങ്ങളാണ് ദുബായിൽ റിപ്പോർട്ട് ചെയ്തത്. സമയം ലാഭിക്കാനുള്ള ധൃതി, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, അവസാന നിമിഷം സിഗ്നൽ മറികടക്കാനുള്ള ശ്രമം, വേഗതയും ദൂരവും കണക്കുകൂട്ടുന്നതിലെ പിഴവ് എന്നിവയാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണമെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി. വണ്ടിയോടിക്കുന്നവരുടെ അശ്രദ്ധ കാരണം നിരപരാധികളായ മനുഷ്യരുടെ ജീവനാണ് റോഡിൽ പൊലിയുന്നത്.
റെഡ് സിഗ്നൽ മറികടക്കുന്നത് ഒരു നിയമലംഘനം മാത്രമല്ല, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന അത്യന്തം അപകടകരമായ പ്രവൃത്തിയാണ്. നിലവിലെ നിയമപ്രകാരം ദുബായിൽ റെഡ് സിഗ്നൽ ലംഘിച്ചാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. കൂടാതെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെങ്കിൽ 50,000 ദിർഹം പ്രത്യേക ഫീസായി അടയ്ക്കണം.
റോഡപകടങ്ങളിൽ ആളപായമുണ്ടാക്കിയാൽ കടുത്ത ജയിൽശിക്ഷയും കുറഞ്ഞത് 50,000 ദിർഹം പിഴയുമാണ് ശിക്ഷ. എന്നാൽ റെഡ് സിഗ്നൽ മുറിച്ചുകടക്കുന്നത് പോലുള്ള ഗുരുതരമായ നിയമലംഘനം മൂലമാണ് മരണമെങ്കിൽ ശിക്ഷ കൂടുതൽ കടുക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ഡ്രൈവർമാർക്ക് ലഭിക്കുക. സിഗ്നലുകളിലേക്ക് അടുക്കുമ്പോൾ വേഗത കുറയ്ക്കാനും മഞ്ഞ ലൈറ്റ് തെളിയുമ്പോൾ തന്നെ വാഹനം നിർത്താനും അതോറിറ്റി നിർദ്ദേശിക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ സ്മാർട്ട് സാങ്കേതികവിദ്യകളും നിരീക്ഷണ ക്യാമറകളും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
Content Highlights: Dubai Police are intensifying road safety enforcement by taking strict action against drivers who jump red lights and violate traffic regulations. The initiative is aimed at reducing traffic accidents, protecting road users, and promoting responsible driving behavior throughout Dubai.