ദുബായിൽ ഡെലിവറി ബൈക്കുകൾ ഉൾപ്പെട്ട റോഡപകടങ്ങളിൽ വൻ വർദ്ധനവ്. കഴിഞ്ഞ വർഷം മാത്രം ആയിരത്തിലധികം അപകടങ്ങളാണ് ഡെലിവറി ബൈക്കുകൾ കാരണം റോഡിൽ റിപ്പോർട്ട് ചെയ്തത്. ഫാസ്റ്റ് ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടും അപകടങ്ങൾ കൂടുന്ന പശ്ചാത്തലത്തിൽ കർശന നിരീക്ഷണത്തിലാണ് അധികൃതർ.
2024-ൽ 854 അപകടങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തതെങ്കിൽ, 2025-ൽ അത് ആയിരത്തിലധികമായി ഉയർന്നു. 80,000 ട്രാഫിക് പിഴകളാണ് നിയമം ലംഘിച്ച ഡെലിവറി റൈഡർമാർക്ക് ദുബായ് പൊലീസ് ചുമത്തിയത്. 2024ല് ഇത് 70,000 ആയിരുന്നു. അമിതവേഗത മാത്രമല്ല, പെട്ടെന്നുള്ള ലൈൻ മാറ്റങ്ങൾ, വണ്ടികളുടെ ബ്ലൈൻഡ് സ്പോട്ടുകൾ ശ്രദ്ധിക്കാതെയുള്ള ഡ്രൈവിങ്, സുരക്ഷിതമായ അകലം പാലിക്കാതിരിക്കൽ എന്നിവയാണ് ഈ അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഓർഡറുകൾ വേഗത്തിൽ എത്തിക്കാനുള്ള സമ്മർദ്ദം പലപ്പോഴും റൈഡർമാരെ അപകടകരമായ ഡ്രൈവിങ്ങിലേക്ക് നയിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അപകടങ്ങൾ കുറയ്ക്കുന്നതിനായി അതിവേഗ ലെയിനുകളിൽ ഡെലിവറി ബൈക്കുകൾക്ക് ആർടിഎ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അഞ്ചോ അതിലധികമോ ലെയിനുകളുള്ള റോഡുകളിൽ ഇടത്തുനിന്നുള്ള ആദ്യ രണ്ട് ലെയിനുകളിലും മൂന്നോ നാലോ ലെയിനുകളുള്ള റോഡുകളിൽ ഏറ്റവും ഇടത്തെ ലെയിനിലും ഡെലിവറി ബൈക്കുകൾ പ്രവേശിക്കാൻ പാടില്ല. ഈ നിയമം ലംഘിച്ചാൽ 500 ദിർഹം മുതൽ 700 ദിർഹം വരെ പിഴയും ആവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടിവരും. റോഡിൽ വലിയ വണ്ടികളുടെ ബ്ലൈൻഡ് സ്പോട്ടുകളെക്കുറിച്ച് റൈഡർമാരും ബൈക്കുകളെക്കുറിച്ച് മറ്റ് വാഹന ഡ്രൈവർമാരും കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Content Highlights: Dubai Police have intensified surveillance and enforcement after a sharp rise in delivery bike accidents across the emirate. Authorities are targeting traffic violations, unsafe riding practices, and compliance issues to enhance road safety for delivery riders and other road users.