യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കാൻ വലിയൊരു അവസരമൊരുക്കി റിസർവ് ബാങ്ക്. വിദേശ നാണയ നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾക്ക് മേലുണ്ടായിരുന്ന നിയന്ത്രണങ്ങൾ ആർബിഐ താൽക്കാലികമായി നീക്കി. ആഗോള വിപണിയിലെ പ്രതിസന്ധികൾക്കിടയിൽ വിദേശപ്പണം ഇന്ത്യയിലേക്ക് ആകർഷിക്കാൻ ആർബിഐ വരുത്തിയ താൽക്കാലിക ഇളവുകളാണ് പ്രവാസികൾക്ക് ഇപ്പോൾ തുണയായിരിക്കുന്നത്.
പുതിയ മാറ്റത്തോടെ, യുഎസ് ഡോളർ നിക്ഷേപങ്ങൾക്ക് ബാങ്കുകൾ ഇപ്പോൾ 7.1 ശതമാനം വരെ പലിശ നൽകുന്നുണ്ട്. മുൻപ് ഇത് വെറും 3 മുതൽ 4 ശതമാനം വരെ മാത്രമായിരുന്നു. 3 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ ഉയർന്ന നിരക്ക് ലഭിക്കുക. പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6 ശതമാനം വരെയും കാനറ ബാങ്ക് 6.5 ശതമാനം വരെയും പലിശ നിരക്കുകൾ ഉയർത്തി. എ.യു സ്മോൾ ഫിനാൻസ് ബാങ്ക് പോലുള്ള ചില ധനകാര്യ സ്ഥാപനങ്ങൾ എ.യു സ്മോൾ ഫിനാൻസ് ബാങ്ക് 7.1 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ആഭ്യന്തര ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് തുല്യമായ നിരക്കാണിത് എന്ന പ്രത്യേകതയുമുണ്ട്.
ഡോളറിലോ മറ്റ് വിദേശ കറൻസികളിലോ നിക്ഷേപം നിലനിർത്താം എന്നതിനാൽ രൂപയുടെ മൂല്യത്തകർച്ച പ്രവാസികളുടെ ലാഭത്തെ ബാധിക്കില്ല. കൂടാതെ, ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയിൽ പൂർണ്ണ നികുതി ഇളവുമുണ്ട്. പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയാകുന്നവ പുതുക്കുമ്പോഴും മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ആർബിഐ പ്രഖ്യാപിച്ച ഈ താൽക്കാലിക ഇളവ് വരും സെപ്റ്റംബർ 30 വരെ മാത്രമേ ലഭ്യമാകൂ എന്നതിനാൽ പ്രവാസികൾക്ക് ഇനി ഏതാനും മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
Content Highlights: The Reserve Bank of India has raised interest rate ceilings on select foreign currency deposits, creating new investment opportunities for Indian expatriates in the UAE and other Gulf countries.