ദുബായ് ഹാർബറിലേക്ക് ഇനി വെറും മൂന്ന് മിനിറ്റ്; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

പാലത്തിന്റെ അനുബന്ധ റോഡുകളുടെ വികസനവും പ്രധാന കവലകളുടെ നവീകരണവും ഉൾപ്പെടുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്

ദുബായിലെ ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതോടെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദുബായ് ഹാർബറിലേക്കുള്ള യാത്രാസമയം വെറും മൂന്ന് മിനിറ്റായി കുറയും. എമിറേറ്റിലെ അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടാണ് RTA ഈ സുപ്രധാന പദ്ധതി ജനങ്ങൾക്കായി തുറന്നുകൊടുത്തത്.

ശൈഖ് സായിദ് റോഡിലെ ഇന്റർചേഞ്ച് 5-ൽ നിന്ന് ആരംഭിച്ച് ദുബായ് ഹാർബർ സ്ട്രീറ്റിലേക്ക് നീളുന്നതാണ് പുതുതായി തുറന്ന ഈ പാലം. ഇരുഭാഗത്തേക്കുമായി രണ്ട് വരികളുള്ള ഈ പാലത്തിന് മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഈ പുതിയ റൂട്ട് നിലവിൽ വന്നതോടെ ജെബൽ അലി, ദേര ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ശൈഖ് സായിദ് റോഡിൽ നിന്ന് നേരിട്ട് ദുബായ് ഹാർബറിലേക്ക് പ്രവേശിക്കാം. ഇതോടെ മുൻപ് 12 മിനിറ്റോളം എടുത്തിരുന്ന യാത്രാസമയം വെറും മൂന്ന് മിനിറ്റായി ചുരുങ്ങുകയും മേഖലയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുകയും ചെയ്യും.

പാലത്തിന്റെ അനുബന്ധ റോഡുകളുടെ വികസനവും പ്രധാന കവലകളുടെ നവീകരണവും ഉൾപ്പെടുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. 1,500 മീറ്റർ നീളമുള്ള ഈ പുതിയ പാലത്തിന് പുറമെ നാല് പ്രധാന ജംഗ്ഷനുകളിലും ആർടിഎ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 1,400-ലധികം എഞ്ചിനീയർമാരും തൊഴിലാളികളും ചേർന്ന് 42 ലക്ഷം പ്രവൃത്തി മണിക്കൂറുകൾ കൊണ്ടാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. പാം ജുമൈറയ്ക്കും ബ്ലൂവാട്ടേഴ്സ് ഐലൻഡിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ദുബായ് ഹാർബറിലെ വൻകിട റെസിഡൻഷ്യൽ പദ്ധതികൾക്കും ടൂറിസം മേഖലയ്ക്കും ഈ പുതിയ പാലം വലിയ ഉണർവേകും.

Content Highlights: RTA has opened a new bridge on Sheikh Zayed Road, significantly improving access to Dubai Harbour. The new link reduces travel time to just three minutes, easing traffic flow and enhancing connectivity in the area.

To advertise here,contact us