സർക്കാർ സ്ഥാപനങ്ങളിലും കമ്പനികളിലും അതിവേഗത്തിലുള്ള പ്രവർത്തനങ്ങളും ഉന്നത മികവും ലക്ഷ്യമിട്ട് പുതിയ ചരിത്ര പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. "ദുബായ്-ഇറ്റ്" (Dubai-It) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംരംഭം ദുബായുടെ തൊഴിൽ സംസ്കാരത്തെയും തത്വശാസ്ത്രത്തെയും കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
പതിറ്റാണ്ടുകൾക്ക് മുൻപ് ഹെലികോപ്റ്ററിൽ ഇരുന്ന് വീക്ഷിച്ച വെറുമൊരു മരുഭൂമിയിൽ നിന്നും ഇന്ന് ബുർജ് ഖലീഫയും പാം ജുമൈറയും ഉൾപ്പെടുന്ന ആധുനിക മഹാനഗരമായി ദുബായ് മാറിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഗുണനിലവാരവും കൃത്യതയും ഒട്ടും ചോർന്നുപോകാതെ, റെക്കോർഡ് വേഗതയിൽ അസാധാരണമായ ഫലങ്ങൾ കൈവരിക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ദുബായ് ലക്ഷ്യമിടുന്നത്. വേഗത എന്നാൽ തിടുക്കമല്ലെന്നും ഗുണമേന്മ എന്നാൽ മന്ദതയല്ലെന്നും വ്യക്തമാക്കിയ ശൈഖ് മുഹമ്മദ് , 'ദുബായ്-ഇറ്റ്' എന്നാൽ വേഗത്തിലുള്ള നേട്ടവും സൂക്ഷ്മമായ നടപ്പാക്കലുമാണെന്ന് ഓർമ്മിപ്പിച്ചു.
ദുബായുടെ വിജയകരമായ തൊഴിൽ ശൈലി ഭാവി തലമുറകളിലേക്ക് കൈമാറാനും സ്ഥാപനങ്ങളിലും ബിസിനസുകളിലും ഇതൊരു സ്ഥിര സംസ്കാരമായി വളർത്തിയെടുക്കാനുമാണ് ഈ സംരംഭം വഴി ശ്രമിക്കുന്നത്. എമാറാത്തിന്റെ അടുത്ത ഘട്ട വളർച്ചയ്ക്കും ആഗോള നേട്ടങ്ങൾക്കും ഇത് ശക്തമായ അടിത്തറയാകും. വെറുമൊരു മരുഭൂമിയിൽ നിന്നും ലോകത്തെ ഏറ്റവും വലിയ ആഗോള നഗരമായി മാറിയ ദുബായുടെ ചരിത്രം, കുറഞ്ഞ സമയത്തിനുള്ളിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചതിന്റെ വലിയ തെളിവാണ്. ഈ നവീകരണവും മത്സരശേഷിയും വരും തലമുറയിലെ ബിസിനസ്, ടൂറിസം, നിക്ഷേപ മേഖലകളിലേക്ക് ആഴത്തിൽ പകർന്നു നൽകാൻ പുതിയ 'ദുബായ്-ഇറ്റ്' സംരംഭത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Dubai authorities have unveiled the “Dubai-It” initiative aimed at shaping a future-ready work culture, fostering innovation, productivity, and sustainable employment opportunities for the next generation.