യുഎഇ സ്വകാര്യ മേഖലയിൽ അവസരങ്ങൾ കൂടുന്നു; സ്ഥാപനങ്ങളുടെ എണ്ണത്തിലും മുന്നേറ്റം

ബിസിനസ് സൗഹൃദ അന്തരീക്ഷവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് അന്താരാഷ്ട്ര പ്രതിഭകളെ യുഎഇയിലേക്ക് ആകർഷിക്കുന്നത്

യുഎഇയിലെ സ്വകാര്യ മേഖലയിൽ വൻ തൊഴിൽ വളർച്ചയെന്ന് റിപ്പോർട്ട്. 2026-ലെ ആദ്യ പാദത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിൽ ശക്തിയിൽ 2.5 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവിൽ വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിലും സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണത്തിലും കാര്യമായ വളർച്ചയുണ്ടായിട്ടുണ്ട്.

ലേബർ മാർക്കറ്റ് ഒബ്സർവേറ്ററി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ 1.5 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 0.4 ശതമാനവും വർദ്ധനവാണ് രേഖപ്പെടുത്തിയത്. ബിസിനസ് സൗഹൃദ അന്തരീക്ഷവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് അന്താരാഷ്ട്ര പ്രതിഭകളെ യുഎഇയിലേക്ക് ആകർഷിക്കുന്നത്. മന്ത്രാലയത്തിന്റെ പുതിയ വർഗ്ഗീകരണമനുസരിച്ച് പ്ലസ് ടുവിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളതും അലവൻസുകൾ കൂടാതെ 4,000 ദിർഹം അടിസ്ഥാന ശമ്പളമുള്ളതുമായ ജീവനക്കാരെയാണ് 'വിദഗ്ധ തൊഴിലാളി'യായി കണക്കാക്കുന്നത്.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ നിലവാരമനുസരിച്ച് 725 തൊഴിൽ വിഭാഗങ്ങളെ 9 തൊഴിൽ തലങ്ങളായും 5 നൈപുണ്യ തലങ്ങളായും മന്ത്രാലയം തരംതിരിച്ചിട്ടുണ്ട്. ഉയർന്ന പ്രൊഫഷണൽ ജോലികൾ മുതൽ പരിമിതമായ വൈദഗ്ധ്യം വേണ്ട അടിസ്ഥാന ജോലികൾ വരെ ഇതിൽ ഉൾപ്പെടുന്നു. സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിനൊപ്പം സുസ്ഥിരമായ ഒരു സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കാനും ജീവനക്കാരുടെ ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കാനും ഈ പുതിയ ചട്ടക്കൂട് സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

Content Highlights: The private sector in the UAE is expanding rapidly, with more companies entering the market and creating additional job opportunities. This growth reflects improving business conditions, strong economic performance, and increased demand for skilled workers.

To advertise here,contact us