ലോകത്തെ ഞെട്ടിച്ച് യുഎഇ നഗരങ്ങളുടെ കുതിപ്പ്; ബിസിനസ്സ് ഭൂപടത്തിൽ ദുബായും അബുദാബിയും മുന്നിലേക്ക്

പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ശേഷിയിൽ വാഷിംഗ്ടണിന് തൊട്ടുപിന്നിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ദുബായ്.

ബിസിനസ്സിനും നിക്ഷേപത്തിനും ലോകത്തിലെ ഏറ്റവും ആകർഷകമായ നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ദുബായും അബുദാബിയും. ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ മികച്ച നേട്ടമാണ് യുഎഇയിലെ നഗരങ്ങൾ കൈവരിച്ചത്. ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട്, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ പരമ്പരാഗത ആഗോള കേന്ദ്രങ്ങളെ പിന്തള്ളിയാണ് യുഎഇ നഗരങ്ങളുടെ ഈ കുതിപ്പ്.

ലോകമെമ്പാടുമുള്ള 80-ലധികം നഗരങ്ങളെ ഉൾപ്പെടുത്തി, 25,000-ത്തിൽപ്പരം ആളുകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സാമ്പത്തിക അവസര സൂചികയിൽ 77 പോയിന്റുമായി ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് ദുബായ്. ഈ പട്ടികയിലെ ആദ്യ അഞ്ചിൽ ഇടം നേടിയ ഏക അറബ് നഗരവും ദുബായ് ആണ്. ശക്തമായ ബിസിനസ് അന്തരീക്ഷവും വൈവിധ്യമാർന്ന തൊഴിൽ-വരുമാന അവസരങ്ങളുമാണ് ദുബായിക്ക് തുണയായത്. സാമൂഹിക മൂലധന സൂചികയിൽ ജനങ്ങൾക്കിടയിലെ ഉയർന്ന ഐക്യവും വിശ്വാസവും കാരണം സുരക്ഷയുടെ കാര്യത്തിൽ 100-ൽ 100 സ്കോറും ദുബായ് സ്വന്തമാക്കി.

മറ്റ് സൂചികകളിലും ദുബായ് മുൻപന്തിയിലാണ്. ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങളിൽ ഒൻപതാം സ്ഥാനവും ജീവിത നിലവാരത്തിൽ 18-ാം സ്ഥാനവും ദുബായിക്കുണ്ട്. പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ശേഷിയിൽ വാഷിംഗ്ടണിന് തൊട്ടുപിന്നിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ദുബായ്.

യുഎഇ തലസ്ഥാനമായ അബുദാബിയും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. വികസനത്തിന്റെ മുൻഗണന വ്യക്തമാക്കുന്ന 'മാറ്റത്തിന്റെ വേഗത' സൂചികയിൽ 14-ാം സ്ഥാനത്താണ് അബുദാബി. സാമ്പത്തിക അവസരങ്ങൾ, മികച്ച ജീവിത നിലവാരം, കാര്യക്ഷമമായ സർക്കാർ സേവനങ്ങൾ എന്നിവയാണ് അബുദബിയുടെ ഈ മുന്നേറ്റത്തിന് കാരണം. ആഗോള സമ്പന്ന നഗരങ്ങളുടെ പ്രത്യേക വിഭാഗത്തിൽ അബുദാബി 11-ാം സ്ഥാനത്താണുള്ളത്. വരും വർഷങ്ങളിൽ തലസ്ഥാന നഗരി അന്താരാഷ്ട്ര റാങ്കിങ്ങിൽ ഇനിയും വലിയ മുന്നേറ്റം നടത്തുമെന്നാണ് റിപ്പോർട്ട് പ്രവചിക്കുന്നത്.

Content Highlights: UAE cities are witnessing a major surge in global prominence, with Dubai and Abu Dhabi emerging as key leaders in the international business landscape. The development highlights strong economic diversification, investor confidence, and expanding global influence.

To advertise here,contact us