യുഎഇയിലെ സ്വകാര്യ ആരോഗ്യമേഖലയിലും സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യത്തിന്റെ പകുതി തസ്തികകൾ സ്വദേശികൾക്കായി നീക്കിവെക്കണമെന്നാണ് പുതിയ നിയമം. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചത്.
പുതിയ നിബന്ധനയനുസരിച്ച് യുഎഇ പൗരന്മാർക്കായി മാറ്റിവെക്കുന്ന തസ്തികകൾ പ്രത്യേക ആരോഗ്യ സംരക്ഷണ ജോലികൾക്കും മറ്റ് വൈദഗ്ധ്യമുള്ള റോളുകൾക്കുമായി തുല്യമായി വിഭജിക്കണം. അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ വൈദഗ്ധ്യമുള്ള തസ്തികകളിൽ വർഷത്തിൽ രണ്ട് ശതമാനം എമിറേറ്റൈസേഷൻ വളർച്ച കൈവരിക്കേണ്ടതുണ്ട്. ഇതിന്റെ പകുതി വർഷത്തിന്റെ ആദ്യ പകുതിയിലും ബാക്കി രണ്ടാം പകുതിയിലുമാണ് പൂർത്തിയാക്കേണ്ടത്. ഈ നിയമം പാലിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങളിൽ നിന്ന് 2027 മുതൽ കടുത്ത സാമ്പത്തിക പിഴ ഈടാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
ആരോഗ്യ സംരക്ഷണ രംഗത്ത് യുഎഇ പൗരന്മാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഈ രംഗത്ത് ദീർഘകാല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കമാണിത്. യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി നഫീസ് പ്ലാറ്റ്ഫോം വഴി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2025 അവസാനത്തെ കണക്കനുസരിച്ച് എണ്ണായിരത്തി എണ്ണൂറിലധികം എമിറാത്തികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 82 ശതമാനവും സ്ത്രീകളാണ്. സ്വദേശികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നഫീസ് പ്രോഗ്രാം 2040 വരെ നീട്ടിയതായും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: The UAE is preparing the next phase of its Emiratisation program in the private healthcare sector. The move is expected to increase the hiring of Emirati nationals, strengthen workforce localization, and support the country's long-term economic and employment goals.