വിദ്യാർത്ഥികൾക്കായി ദുബായ് പൊലീസിന്റെ സൗജന്യ സമ്മർ ക്യാമ്പ് പ്രോഗ്രാമിന് തുടക്കമായി. കൗമാരക്കാർക്കിടയിലെ പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് ഈ വർഷത്തെ ക്യാമ്പ് മുൻഗണന നൽകുന്നത്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള 11 നും 18 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കായാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
രജിസ്ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കകം ലക്ഷത്തിലധികം പേർ വെബ്സൈറ്റ് സന്ദർശിച്ചതോടെ ദുബായ് പൊലീസിന്റെ ഈ വേനൽക്കാല പരിപാടിക്ക് വൻ ഡിമാൻഡാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. പരമ്പരാഗത സമ്മർ ക്യാമ്പുകളിൽ നിന്ന് വ്യത്യസ്തമായി, ദുബായ് പൊലീസിന്റെ ക്രിമിനൽ അന്വേഷണ വിഭാഗത്തിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പാഠ്യപദ്ധതി രൂപീകരിച്ചിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ, ഇലക്ട്രോണിക് പുകവലി, ട്രാഫിക് നിയമലംഘനങ്ങൾ എന്നിവയെക്കുറിച്ചുള്ള ശക്തമായ ബോധവത്ക്കരണവും സൈനിക അച്ചടക്കവും ശാരീരിക പരിശീലനവും ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ലഭിക്കും.
കുട്ടികളെ അപകടങ്ങളിൽ നിന്നും തെറ്റായ ശീലങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിൽ കുടുംബങ്ങൾക്കാണ് മുഖ്യ ഉത്തരവാദിത്തമെന്ന് ദുബായ് പൊലീസ് ഓർമ്മിപ്പിക്കുന്നു. പ്രത്യേകിച്ച് പൊതുനിരത്തുകളിലെ ഇ-സ്കൂട്ടർ ഉപയോഗം വൻ അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ, കുട്ടികൾക്കായി സർക്കാർ ഒരുക്കിയിട്ടുള്ള സുരക്ഷിതമായ ട്രാക്കുകൾ മാത്രം പ്രയോജനപ്പെടുത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
കഴിഞ്ഞ എട്ട് വർഷമായി പൊതുജനങ്ങൾക്കായി തുറന്നുനൽകിയിട്ടുള്ള ഈ ക്യാമ്പിൽ മറ്റ് എമിറേറ്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. അംഗീകൃത മേഖലകളിലുള്ളവർക്ക് സൗജന്യ ഗതാഗത സൗകര്യവും പൊലീസ് ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഔദ്യോഗിക സൈനിക പരിശീലനം ആരംഭിക്കുന്ന ഈ ക്യാമ്പ്, വിദ്യാർത്ഥികളുടെ കായികക്ഷമതയും അച്ചടക്കവും പ്രകടിപ്പിക്കുന്ന വിപുലമായ പാസിംഗ് ഔട്ട് പരേഡോടെയായിരിക്കും സമാപിക്കുക.
Content Highlights: Dubai Police is organizing a free summer camp for teenagers to address common adolescent challenges. The initiative focuses on personal development, social awareness, leadership skills, and positive community engagement.