യുഎഇയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ഡിജിറ്റൽ സേവനങ്ങൾ. ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ആറ് ലക്ഷത്തിലധികം ഡിജിറ്റൽ അറ്റസ്റ്റേഷനുകളാണ് അബുദാബിയിൽ പൂർത്തിയായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 405 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്.
വിസ നടപടികൾക്കും കരാറുകൾക്കുമുള്ള അറ്റസ്റ്റേഷനുകൾക്ക് പുറമെ സിവിൽ-ക്രിമിനൽ കേസുകളുടെ അപേക്ഷകളും ഇപ്പോൾ പൂർണ്ണമായും ഓൺലൈൻ വഴിയാണ് കൈകാര്യം ചെയ്യുന്നത്. ആദ്യ പാദത്തിൽ മാത്രം രണ്ടുലക്ഷത്തിലധികം ഇലക്ട്രോണിക് അപേക്ഷകളാണ് കോടതികളിൽ ലഭിച്ചത്. പ്രവാസികൾക്ക് ഏറ്റവും സഹായകരമാകുന്നത് 'റിമോട്ട് ഹിയറിംഗ്' അഥവാ ഓൺലൈൻ കോടതി വിചാരണകളാണ്. ഒന്നര ലക്ഷത്തിലധികം ഓൺലൈൻ വിചാരണകൾ നടന്നതോടെ, കോടതിയിൽ നേരിട്ട് ഹാജരാകാൻ ജോലിയിൽ നിന്ന് ലീവ് എടുക്കേണ്ടി വരുന്ന ബുദ്ധിമുട്ടാണ് പ്രവാസികൾക്ക് ഇല്ലാതായത്.
കോടതിക്ക് പുറത്ത് വെച്ച് തർക്കങ്ങൾ പരിഹരിക്കുന്ന മധ്യസ്ഥ ശ്രമങ്ങളിലും വലിയ മുന്നേറ്റമാണുണ്ടായിട്ടുള്ളത്. പ്രവാസി കുടുംബങ്ങളിലെ പ്രശ്നങ്ങളും കൗൺസിലിംഗുകളും ഓൺലൈൻ വഴി ഇപ്പോൾ വേഗത്തിൽ പരിഹരിക്കാൻ സാധിക്കുന്നുണ്ട്. പവർ ഓഫ് അറ്റോർണി ഉൾപ്പെടെയുള്ള നോട്ടറി സേവനങ്ങൾക്കായി ഇരുപതിനായിരത്തിലധികം ഇടപാടുകളാണ് പബ്ലിക് നോട്ടറി വഴി ഡിജിറ്റലായി പൂർത്തിയാക്കിയത്. പ്രോസസ്സിംഗ് സമയം കുറച്ച്, കാര്യക്ഷമത കൂട്ടിയുള്ള അബുദാബിയിലെ ഈ സ്മാർട്ട് ജുഡീഷ്യൽ സംവിധാനം പ്രവാസികളുടെ സമയവും പണവും ലാഭിക്കാൻ ഏറെ സഹായകരമാണ്.
Content Highlights: Abu Dhabi's digital court services are helping expatriates participate in legal proceedings remotely. The online hearing system reduces travel, saves time, and enables individuals to attend court sessions without disrupting their work schedules.