ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഹബ്ബാകാൻ ഒരുങ്ങുന്ന ദുബായിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം 2032-ൽ പ്രവർത്തനം ആരംഭിക്കും. വികസന പദ്ധതിയുടെ ഭാഗമായി നിലവിൽ 13 ബില്യൺ ദിർഹത്തിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തിൽ 55 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള കരാറുകൾ കൂടി നൽകാൻ ഒരുങ്ങുകയാണെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
അൽ മക്തൂം വിമാനത്താവളത്തിന്റെ വികസനം ദുബായുടെ ദീർഘവീക്ഷണത്തോടെയുള്ള വികസന മാതൃകയുടെ പ്രതിഫലനമാണെന്ന് ദുബായ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ദുബായുടെ സാമ്പത്തിക അജണ്ടയായ 'D33' ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ പദ്ധതി നിർണ്ണായക പങ്കുവഹിക്കും. വരും ദശകങ്ങളിൽ ദുബായിലേക്ക് വലിയ തോതിലുള്ള വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും സുസ്ഥിരമായ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴി സാധിക്കുമെന്നുമാണ് പ്രതീക്ഷ.
നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ എയർപോർട്ടായി അൽ മക്തൂം മാറും. പ്രതിവർഷം 26 കോടിയിലധികം യാത്രക്കാരെയും 1.2 കോടി ടൺ എയർ കാർഗോയും കൈകാര്യം ചെയ്യാനുള്ള ശേഷി ഈ വിമാനത്താവളത്തിനുണ്ടാകും. പരസ്പരം ബന്ധപ്പെടാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന 5 പാരലൽ റൺവേകൾ, 2 കൂറ്റൻ പാസഞ്ചർ ടെർമിനലുകൾ, 7 കോൺകോഴ്സുകൾ എന്നിവ പുതിയ എയർപോർട്ടിന്റെ പ്രത്യേകതയായിരിക്കും. കൂടാതെ 430-ലധികം വിമാനങ്ങൾ ഒരേസമയം നിർത്താനുള്ള സൗകര്യവും ഇവിടെ ഒരുക്കും.
യാത്രക്കാർക്ക് എയർപോർട്ടിനുള്ളിൽ സുഗമമായി സഞ്ചരിക്കാൻ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ സംവിധാനവും എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന റോഡ്, റെയിൽ ശൃംഖലകളും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നുണ്ട്. സമീപകാലത്തുണ്ടായ സംഭവവികാസങ്ങളൊന്നും ദുബായുടെ വ്യോമയാന മേഖലയിലെ ദീർഘകാല പദ്ധതികളെ ബാധിക്കില്ലെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്സും വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യയുടെയും ഓട്ടോമേഷന്റെയും സഹായത്തോടെ ആഗോള വ്യാപാരം, ടൂറിസം, ലോജിസ്റ്റിക്സ് എന്നിവയുടെ ലോകത്തെ ഏറ്റവും വലിയ കേന്ദ്രമായി ദുബായിയെ മാറ്റാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: Dubai’s Al Maktoum International Airport is being developed into a mega aviation hub with the capacity to handle up to 260 crore (2.6 billion) passengers annually and five runways. The project highlights Dubai’s ambition to become a global leader in aviation and connectivity.