ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ബോധവത്കരണ കാമ്പെയ്നുമായി ദുബായ് പൊലീസ്. ഇതിന്റെ ഭാഗമായി, താൽക്കാലിക ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ ലൈസൻസുള്ള ഏജൻസികളെ മാത്രം ആശ്രയിക്കാൻ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മണിക്കൂർ-ദിവസ വേതനാടിസ്ഥാനത്തിൽ ആളുകളെ ജോലിക്കെടുക്കുമ്പോൾ കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ വീട്ടുടമയുടെ കുടുംബാംഗങ്ങളുടേയും സംരക്ഷണത്തിന് സഹായകമാകുന്ന നിരവധി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളാണ് ദുബായ് പൊലീസ് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂർ-ദിവസ വേതനാടിസ്ഥാനത്തിൽ ആളുകളെ ജോലിക്കെടുക്കുമ്പോൾ കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. വീടുകളിൽ ജോലിക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് ഇവരുടെ ഐഡന്റിറ്റി കാർഡുകൾ പരിശോധിച്ച് കൃത്യത ഉറപ്പാക്കണം. അംഗീകൃത വ്യക്തികൾക്ക് മാത്രമേ വീടിനുള്ളിലേക്ക് പ്രവേശനം നൽകാവൂ എന്നും പൊലീസ് ഓർമ്മിപ്പിച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രധാനപ്പെട്ട രേഖകൾ, പണം, സ്വർണ്ണാഭരണങ്ങൾ എന്നിവ സുരക്ഷിതമായ ലോക്കറുകളിൽ മാത്രം സൂക്ഷിക്കുക. കുട്ടികളെയും പ്രായമായവരെയും വിശ്വസ്തരല്ലാത്ത താൽക്കാലിക ജീവനക്കാർക്കൊപ്പം തനിച്ചാക്കരുത്. താൽക്കാലിക ജീവനക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പെരുമാറ്റം ഉണ്ടായാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
ആകർഷകമായ ഓഫറുകളുമായി സോഷ്യൽ മീഡിയ വഴി നടത്തുന്ന വ്യാജ റിക്രൂട്ട്മെന്റ് പരസ്യങ്ങളിൽ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജനുവരിയിൽ വ്യാജ ഏജൻസി വഴി 10,000 ദിർഹം നഷ്ടപ്പെട്ട കേസും പൊലീസ് ചൂണ്ടിക്കാട്ടി. ഇത്തരം നിയമവിരുദ്ധ ഏജൻസികൾക്കെതിരെ യുഎഇ മന്ത്രാലയം നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 300 നിയമലംഘനങ്ങൾ കണ്ടെത്തുകയും ഫെബ്രുവരിയിൽ 12 അനധികൃത ഏജൻസികൾ പൂട്ടിക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങൾക്ക് സംശയ സാഹചര്യങ്ങൾ കണ്ടാൽ ദുബായ് പൊലീസിന്റെ 'പൊലീസ് ഐ' സംവിധാനം വഴിയോ, 901 എന്ന നമ്പറിലോ വിവരമറിയിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Dubai Police has advised residents to follow approved recruitment channels and verify the credentials of domestic workers before employment. The awareness campaign aims to enhance household safety, prevent fraud, and ensure compliance with UAE regulations governing domestic worker recruitment.