ഉപഭോക്തൃ സംരക്ഷണമെന്ന പേരിൽ വ്യാജ വെബ്‌സൈറ്റുകൾ; ജാ​ഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ്

ചില സാഹചര്യങ്ങളിൽ ഫോണുകളിലേക്കും കമ്പ്യൂട്ടറുകളിലേക്കും ആക്‌സസ് ലഭിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ഉപഭോക്തൃ സംരക്ഷണ സേവനങ്ങളുടെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഔദ്യോഗിക സ്ഥാപനങ്ങളുടെ ലോഗോയും പേരും ദുരുപയോഗം ചെയ്ത് ഉപഭോക്താക്കളുടെ വ്യക്തിഗത-ബാങ്കിംഗ് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ്. പരാതികൾ നൽകാൻ സഹായം തേടുന്ന ആളുകളെയാണ് ഇത്തരം സൈബർ ക്രിമിനലുകൾ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും പോലീസ് വ്യക്തമാക്കി.

സെർച്ച് എഞ്ചിനുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യഥാർത്ഥ സ്ഥാപനങ്ങളോട് സാമ്യമുള്ള രീതിയിലാണ് തട്ടിപ്പുകാർ വ്യാജ പേജുകൾ നിർമ്മിക്കുന്നത്. ഉത്പ്പന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ പരാതി നൽകാൻ എത്തുന്നവരോട് ഇവർ വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ ആവശ്യപ്പെടും. ചില സാഹചര്യങ്ങളിൽ ഫോണുകളിലേക്കും കമ്പ്യൂട്ടറുകളിലേക്കും ആക്‌സസ് ലഭിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ഓൺലൈൻ വഴി ഏതെങ്കിലും വിവരങ്ങൾ പങ്കിടുന്നതിന് മുൻപ് ലിങ്കുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക ചാനലുകൾ വഴിയല്ലാതെ യാതൊരു കാരണവശാലും പണം കൈമാറുകയോ സാമ്പത്തിക വിവരങ്ങൾ നൽകുകയോ ചെയ്യരുത്. ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളുടെ ജാഗ്രതയാണ് ഏറ്റവും വലിയ ആയുധമെന്ന് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.

ഇത്തരം എന്തെങ്കിലും സംശയാസ്പദമായ സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ തന്നെ വിവരം അധികൃതരെ അറിയിക്കണം. 800 2626 എന്ന നമ്പറിലൂടെ 'അമാൻ' സേവന വഴിയോ, 2828 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചോ പൊതുജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാം. കൂടാതെ അബുദാബി പോലീസിന്റെ സ്മാർട്ട് ആപ്പ് വഴിയും ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.

Content Highlights: Abu Dhabi Police has issued a warning against fake websites that claim to offer consumer protection services. The authorities advised residents to use only official channels for complaints and inquiries and to avoid sharing sensitive information with unverified websites to prevent fraud and cybercrime.

To advertise here,contact us