റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി തന്ത്രപ്രധാനമായ 'പർപ്പിൾ റൂട്ട്' ബസ് സർവീസ് പുനരാരംഭിച്ചു. അൽ നഖീൽ - മനാർ മോൾ പാതയിലെ ഈ പുതുക്കിയ സർവീസ് ജൂൺ മൂന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ സർവീസിനെ ജനങ്ങൾക്ക് പരിചയപ്പെടുത്താനായി ആദ്യത്തെ ഒരു മാസം യാത്ര പൂർണ്ണമായും സൗജന്യമായിരിക്കും.
റാസൽഖൈമയുടെ പൊതുഗതാഗത ചരിത്രത്തിലെ ആദ്യത്തെ ഇലക്ട്രിക് ബസാണ് അൽ നഖീൽ - മനാർ മോൾ പാതയിൽ സർവീസ് നടത്തുന്നത്. ഓരോ ദിശയിലേക്കും 14 കിലോമീറ്റർ ദൈർഘ്യമുള്ള ഒൻപത് പ്രധാന സ്റ്റോപ്പുകളാണുള്ളത്. സർക്കാർ ഓഫീസുകൾ, സർവ്വകലാശാലകൾ, ആശുപത്രികൾ എന്നിവയെ ബന്ധിപ്പിച്ചാണ് ബസ് സർവീസ്. ഐസിപി, ഉബൈദുള്ള ഹോസ്പിറ്റൽ, ഭിന്നശേഷിക്കാരുടെ കേന്ദ്രം എന്നിവ ഈ റൂട്ടിലെ പ്രധാന സ്റ്റോപ്പുകളാണ്.
യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിലവിൽ ദിവസേന 12 സർവീസുകളാണ് ഈ റൂട്ടിൽ ക്രമീകരിച്ചിരിക്കുന്നത്. ഹരിത ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എമിറേറ്റിന്റെ 2026-ലെ സുസ്ഥിരതാ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ നടപടി.
'സായർ' സ്മാർട്ട് ആപ്പ് വഴി ബസുകളുടെ സമയക്രമം പരിശോധിക്കാനും തത്സമയം ട്രാക്ക് ചെയ്യാനും സാധിക്കും. പൊതുഗതാഗത ശൃംഖല 215 കിലോമീറ്ററായി വ്യാപിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നവീകരണം. ഇതോടെ, ഈ വർഷം അവസാനത്തോടെ നഗരത്തിലെ പൊതുഗതാഗത സൗകര്യം 55 ശതമാനത്തിൽ നിന്ന് 65 ശതമാനമായി വർദ്ധിക്കും.
Content Highlights: Ras Al Khaimah (RAK) has introduced a new public bus service called the "Purple Route." To encourage residents and visitors to use public transport and to familiarize them with the new path, the transport authority is offering completely free rides for the first month of its operation.