പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള പ്രതിസന്ധിക്കിടയിലും സമ്പദ്വ്യവസ്ഥയില് കുതിപ്പ് തുടര്‍ന്ന് യുഎഇ. ഈ വര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക ഭൂപടത്തില്‍ യുഎഇയുടെ സ്ഥാനം കൂടുതല്‍ ഭദ്രമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണക്കുകള്‍.
പ്രമുഖ ആഗോള സാമ്പത്തിക സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോട്ടിലാണ് യുഎഇയുടെ സമ്പദ് വ്യവസ്ഥയുടെ പുരോഗതി വ്യക്തമാക്കുന്നത്. ഈ വര്‍ഷം യുഎഇ കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആഗോള ശരാശരിയേക്കാള്‍ വളരെ മുന്നിലായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചാ പ്രവചനം മുന്‍പുണ്ടായിരുന്ന 4 ശതമാനത്തില്‍ നിന്ന് 5 ശതമാനമാകുമെന്നും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകത്തെ വന്‍കിട സമ്പദ്വ്യവസ്ഥകളായ ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ പിന്നിലാക്കിയുള്ള വളര്‍ച്ചയാണ് യുഎഇ ഈ വര്‍ഷം ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സുസ്ഥിരമായ നയങ്ങളും ആഭ്യന്തര വിപണിയിലെ സജീവതയുമാണ് ഈ മികച്ച നേട്ടത്തിന് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. യുഎഇയുടെ ആകെ വിദേശ വ്യാപാരം ഈ വര്‍ഷം ഒടുവിലോടെ ഒരു ട്രില്യണ്‍ ഡോളറിലേക്ക് അടുക്കുമെന്നാണ് പ്രതീക്ഷ.
ടൂറിസം, ഏവിയേഷന്‍, സാങ്കേതികവിദ്യ തുടങ്ങിയ എണ്ണയിതര മേഖലകളില്‍ രാജ്യം കൈവരിച്ച ശക്തമായ പുരോഗതി സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ കരുത്തായിതായും വിലയിരുത്തപ്പെടുന്നു. യുഎഇ ബാങ്കുകളിലെ മികച്ച പണലഭ്യതയും സുരക്ഷിതമായ സാമ്പത്തിക അന്തരീക്ഷവും അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഘടകമാണ്. ഇതിനുപുറമെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ തുടരുന്ന വന്‍ ഡിമാന്‍ഡും വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറക്ക് കൂടുതല്‍ ശക്തി പകരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Content Highlights: The economy of United Arab Emirates is expected to maintain strong growth momentum, with reports projecting GDP growth at around 5%. Analysts attribute this to economic diversification, investment inflows, and strong non-oil sector performance.