സർക്കാർ സേവനങ്ങൾ വേ​ഗത്തിലാക്കുക ലക്ഷ്യം; എഐ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ ദുബായ് ജിഡിആർഎഫ്എ

സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും ഇതിലൂടെ കഴിയും

സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എഐ സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് ജിഡിആര്‍എഫ്എ. പ്രവര്‍ത്തന ക്ഷമത, ഭരണസംവിധാനം, ഡാറ്റാ വിശകലനം എന്നിവ വിലയിരുത്തുന്നതിനും അവലോകനം ചെയ്യുന്നതിനുമായി വിപുലമായ പദ്ധതിയാണ് ജിഡിആര്‍എഫ്എ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ദുബായിലെ റസിഡന്‍സി-എമിഗ്രേഷന്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രധാന സര്‍ക്കാര്‍ വകുപ്പാണ് ജിഡിആര്‍എഫ്എ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും ഇതിലൂടെ കഴിയും. പ്രവര്‍ത്തന സൂചികകള്‍, റിസ്‌ക് മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവ വിശകലനം ചെയ്താണ് പുതിയ സംവിധാനം വികസിപ്പിച്ചത്.

കൃത്രിമ ബുദ്ധിയും പ്രവചനാത്മക ഡാറ്റാ വിശകലന സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ വെല്ലുവിളികളോട് അതിവേഗം പ്രതികരിക്കാനും സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും കഴിയുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഭരണ സംവിധാനങ്ങള്‍, മേല്‍നോട്ട സംവിധാനങ്ങള്‍, റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവ നവീകരിക്കുന്നതിനുളള നടപടിയും പുരോഗമിക്കുകയാണ്. ഡാറ്റയും സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കി കൂടുതല്‍ സുസ്ഥിരവും നവീനവുമായ സര്‍ക്കാര്‍ മാതൃകയാണ് ജിഡിആര്‍എഫ്എ ലക്ഷ്യമിടുന്നത്. ജീവിത നിലവാരത്തിലും ഡിജിറ്റല്‍ സര്‍ക്കാര്‍ സേവനങ്ങളിലും ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായി ദുബായുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.

Content Highlights: Dubai’s General Directorate of Residency and Foreigners Affairs (GDRFA) is set to implement artificial intelligence across its operations to improve the speed and efficiency of government services. The initiative focuses on strengthening digital transformation and delivering faster, smarter public services.

To advertise here,contact us