ദുബായില്‍ വിസ്മയക്കാഴ്ചകളുമായി ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം വരുന്നു. ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ കലകളും പുത്തന്‍ സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിസ്മയം തയ്യാറാക്കുന്നത്.
ദുബായ് ഡിഐഎഫ്സി സഅബീല്‍ ഡിസ്ട്രിക്ടിലാണ് ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം ഒരുങ്ങുന്നത്. ദുബായ് കള്ച്ചറിനാണ് മ്യൂസിയത്തിന്റെ നിര്‍മാണ, നടത്തിപ്പ് ചുമതല. ഡിജിറ്റല്‍ കലകളും പുത്തന്‍ സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അതിവേഗം വളരുന്ന ദുബായിലെ പുരാവസ്തു മേഖലയേയും സാംസ്കാരിക അന്തരീക്ഷത്തേയും ശക്തിപ്പെടുത്തുന്നതില്‍ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം സുപ്രധാനമായ പങ്ക് വഹിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു മ്യൂസിയം തുറക്കുന്നത് എന്നതും പ്രത്യേകതയാണ്. ആര്‍ട്ട് ദുബായുടെ 20-ാമത് എഡിഷന് അടയാളപ്പെടുത്തുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം പ്രഖ്യാപനമെന്നതും യാദൃശ്ചികമായി. സംസ്കാരത്തിനും സര്‍ഗാത്മകതക്കും വേണ്ടിയുള്ള ആഗോള കേന്ദ്രമെന്ന ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള വിശാലമായ നയത്തിന്റെ ഭാഗമാണ് പുതിയ മ്യൂസിയമെന്ന് നിര്‍മാണ ചുമതലയുളള ദുബായ് കള്‍ച്ചറല്‍ അധികൃതര്‍ പറഞ്ഞു. കലയുടെ പരമ്പരാഗത ആശയങ്ങള്‍ക്കപ്പുറത്ത് അറിവിന്റെയും നവീകരണത്തിന്റെയും പാരമ്പര്യം അടയാളപ്പെടുത്തുന്ന വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നതാവും മ്യൂസിയത്തിലെ കാഴ്ചകള്‍.
Content Highlights: A new digital art museum in Dubai is attracting attention with immersive exhibitions and futuristic technology-driven experiences. The museum aims to introduce visitors to innovative digital art and modern interactive technologies.