യുഎഇയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം; ആർക്കും പരിക്കില്ലെന്ന് അധികൃതർ

ഒരിടവേളക്ക് ശേഷമാണ് വീണ്ടും യുഎഇക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്

യുഎഇയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം. അബുദാബി ബറാക്ക ആണവനിലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് പ്രദേശത്ത് ചെറിയ തീപിടുത്തമുണ്ടായതായും എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നും ഫെഡറല്‍ അറോറിട്ടി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അറിയിച്ചു. മൂന്ന് ഡ്രോണുകളാണ് യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് നേരിട്ടത്. ആണവ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പ്രതികരിച്ചു.

ഒരിടവേളക്ക് ശേഷമാണ് വീണ്ടും യുഎഇക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. അബുദാബിയിലെ അല്‍ ദഫ്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബറാക്ക ആണവനിലയമാണ് ഇത്തണ ലക്ഷ്യമിട്ടത്. ആക്രമണങ്ങളെ പ്രതിരോധിക്കാനായെങ്കിലും ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ആണവ നിലയത്തിലെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ തീപിടുത്തമുണ്ടായി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണി ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

ആക്രമണം ഉണ്ടായ ഉടന്‍ തന്നെ സുരക്ഷാ സേനയും അഗ്‌നിശമന വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിലയത്തിലെ പ്രധാന സംവിധാനങ്ങളെല്ലാം സുരക്ഷിതമാണെന്നും എല്ലാ യൂണിറ്റുകളും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായും അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മേഖലയില്‍ നിരീക്ഷണം ശക്തമാക്കി. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും മുന്നറിപ്പില്‍ പറയുന്നു. ഏത് സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആണവ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വ്യക്തമാക്കി. ആണവനിലയത്തിലെ വികരണ തോത് സാധാരണനിലയിലാണെന്ന് യുഎഇ അറിയിച്ചതായും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു.

Content Highlights: Authorities in United Arab Emirates confirmed a fresh drone attack targeting the country. Officials said security agencies responded promptly and no injuries or casualties were reported.

To advertise here,contact us