യുഎഇയില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
യുഎഇയില്‍ ഓരോ ദിവസും കഴിയും തോറും ചൂട് കൂടുകയാണ്. നാളെയോടെ താപനില വീണ്ടും ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. അതേസമയം പടിഞ്ഞാറന്‍ മേഖലകളില്‍ താപനിലയില്‍ നേരിയ കുറവുണ്ടായേക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായാണ് അനുഭവപ്പെട്ടത്. എന്നാല്‍ കിഴക്കന്‍ മേഖലകളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു.
തീരദേശങ്ങളിലും ദ്വീപുകളിലും താപനിലയില്‍ വര്‍ദ്ധനവ് ഉണ്ടായി. ഉള്‍പ്രദേശങ്ങളിലും താപനിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയരാനും ഇത് കാരണമാകും.
തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ദൂരക്കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശമേഖലയില്‍ ഉള്ളവര്‍ക്കും ജാത്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥായിലെ മാറ്റങ്ങള്‍ അറിയുന്നതിനായി ഔദ്യോഗിക പ്ലാറ്റ്ഫോമുകള് പിന്തുടരണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Content Highlights: The UAE Meteorological Department has warned of rising temperatures across the country, with a possibility of dust storms in several regions in the coming days.