യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ സാധാരണ നിലയിലേക്ക്; നടപടികളുമായി വിമാനക്കമ്പനികൾ

ആഗോള ശൃംഖലയിലെ 96 ശതമാനം സര്‍വിസുകളും എമിറേറ്റ്‌സ് എയര്‍ലൈന്‍ ഇതിനകം പുനരാരംഭിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ക്ക് ശേഷം യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നു. ഇതിന് വേണ്ടിയുള്ള നടപടികള്‍ക്ക് വിവിധ വിമാനകമ്പനികള്‍ തുടക്കമിട്ടു. ദുബായുടെ പ്രമുഖ എയര്‍ലൈനായ എമിറേറ്റ്‌സ് 96 ശതമാനം സര്‍വീസുകളും ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്.

വ്യോമപാതയിലെ തടസങ്ങളെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന സര്‍വീസുകളാണ് പ്രമുഖ വിമാന കമ്പനികള്‍ സാധാരണ നിലയിലേക്ക് എത്തിക്കുന്നത്. ഇതിന്റെ ഭാഗമായി എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ്, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ യുഎഇയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ പുനക്രമീകരിക്കുകയോ വിപുലീകരിക്കുകയോ ചെയ്തിട്ടുണ്ട്. ആഗോള ശൃംഖലയിലെ 96 ശതമാനം സര്‍വിസുകളും എമിറേറ്റ്‌സ് എയര്‍ലൈന്‍ ഇതിനകം പുനരാരംഭിച്ചു.

ഇന്ത്യയുള്‍പ്പെടെയുള്ള 72 രാജ്യങ്ങളിലെ 137 കേന്ദ്രങ്ങളിലേക്ക് എമിറേറ്റ്സ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. അബുദാബിയിലേക്കുള്ള സര്‍വിസുകള്‍ ഖത്തര്‍ എയര്‍വേസും പുനരാരംഭിച്ചു. ബഹ്റൈന്‍, ഡമാസ്‌കസ്, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കും ഖത്തര്‍ എയര്‍വെയ്‌സ് തുടക്കം കുറിച്ചു.

ഉസ്ബെക്കിസ്ഥാന്‍ എയര്‍വേസുമായി ഇത്തിഹാദ് പുതിയ കോഡ്ഷെയര്‍ പങ്കാളിത്തം പ്രഖ്യാപിച്ചതോടെ താഷ്‌കെന്റില്‍ നിന്ന് ഉസ്‌ബെക്കിസ്ഥാനിലെ എട്ട് നഗരങ്ങളിലേക്ക് ഒരൊറ്റ ടിക്കറ്റില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. അതേസമയം സുരക്ഷാ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചില യൂറോപ്യന്‍, ഏഷ്യന്‍ വിമാനക്കമ്പനികള്‍ യു.എ.ഇ സര്‍വിസുകള്‍ക്കുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ നീട്ടി. വ്യോമപാതയിലെ നിയന്ത്രണങ്ങളും വിമാന ഇന്ധനവില വര്‍ദ്ധനവും കണക്കിലെടുത്ത് എയര്‍ ഇന്ത്യ തങ്ങളുടെ അന്താരാഷ്ട്ര സര്‍വീസുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എങ്കിലും അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിമാസം 1200ലധികം സര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തും.

Content Highlights: Flight operations to and from the UAE are returning to normal after recent disruptions. Airlines have started implementing corrective measures to restore schedules and ensure smoother travel for passengers.

To advertise here,contact us