ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധിക്കാലത്ത് വിവിധ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുകയാണ് യുഎഇയിലെ താമസക്കാര്‍. ഷെങ്കന്‍ വിസ അപ്പോയിന്റ്മെന്റുകള്‍ ലഭിക്കാനുള്ള കാലതാമസം കാരണം വേഗത്തില്‍ വിസയും യാത്രാ അനുമതികളും ലഭിക്കുന്ന രാജ്യങ്ങള്‍ക്കാണ് പ്രവാസികള്‍ ഉള്‍പ്പെടെയുളളവര്‍ മുന്‍ഗണന നല്‍കുന്നത്. ഇത്തരം രാജ്യങ്ങള്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയതോടെ യാത്രാ നടപടികള്‍ക്കായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.
യാത്രാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രാജ്യങ്ങളാണ് അവധിക്കാല യാത്രക്കായി യുഎഇയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുക്കുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് അസര്ബൈജാന്, ഉസ്ബെക്കിസ്ഥാന്, കെനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസ നടപടികള്‍ വളരെ സുഗമമാണ്. അസര്‍ബൈജാനിലേക്ക് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ വിസ ലഭിക്കും. സമാനമായ രീതിയില്‍ ഉസ്ബെക്കിസ്ഥാനും ഓണ്‍ലൈന്‍ ഇ-വിസ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യമായ കെനിയ നിലവില്‍ ഇലക്ട്രോണിക് യാത്രാ അംഗീകാര സംവിധാനമാണ് പിന്തുടരുന്നത്. യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ അധിക തുക നല്കി മുന്‍ഗണനാ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ അപ്പോയിന്റ്മെന്റിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വിസാ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. തായ്ലന്ഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലെ വിസ നടപടികള്‍ താരതമ്യേന ലളിതമാണെന്നതും സന്ദര്‍ശകര്‍ക്ക് വലിയ ആശ്വാസമാണ്.
വിയറ്റ്നാം, തായ്ലന്ഡ് എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് മുന്‍പ് തന്നെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ബാലി പോലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാന്‍ ഇന്തോനേഷ്യ നല്കുന്ന ഇലക്ട്രോണിക് വിസ ഓണ്‍ അറൈവല്‍ സംവിധാനവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. എന്നാല്‍ ചൈനയിലേക്കുള്ള വിസകള്‍ എക്സ്പ്രസ് സര്‍വീസിലൂടെ ഏകദേശം നാല് ദിവസത്തിനുള്ളില്‍ ലഭിക്കുമെങ്കിലും അപ്പോയിന്റ്മെന്റ് ലഭ്യത കൂടി പരിഗണിക്കുമ്പോള്‍ ഒരാഴ്ചയോളം സമയം ഇതിനായി മാറ്റിവെക്കേണ്ടി വരും.
തിരക്കേറിയ അവധിക്കാലമായതിനാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് മുന്‍പ് പാസ്പോര്‍ട്ട്, യുഎഇ താമസ വിസ എന്നിവയുടെ കാലാവധി, ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍, റിട്ടേണ്‍ ടിക്കറ്റ് എന്നിവ കൃത്യമാണെന്ന് യാത്രക്കാര്‍ ഉറപ്പുവരുത്തണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടികാട്ടുന്നു. വിസ നിയമങ്ങളില്‍ മാറ്റം വരാമെന്നതിനാല്‍ ഔദ്യോഗിക പോര്‍ട്ടലുകള്‍ വഴി കൃത്യമായ വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെ യാത്രകള്‍ ഉറപ്പിക്കാവൂ എന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു.