ലാസ് വെഗാസിലെ ആഗോള വിസ്മയം, സ്ഫിയര്‍ യുഎഇയിലേക്ക് എത്തുന്നു

കോടിക്കണക്കിന് എല്‍ഇഡി ലൈറ്റുകള്‍ കൊണ്ടാണ് സ്ഫിയറിൻ്റെ പുറംഭാഗം നിര്‍മിച്ചിരിക്കുന്നത്

ലാസ് വെഗാസിലെ ആഗോള വിസ്മയമായ സ്ഫിയര്‍ യുഎഇയിലേക്ക് എത്തുന്നു. അമേരിക്കയ്ക്കു പുറത്തെ ലോകത്തെ ആദ്യ സ്ഫിയര്‍ വേദിയായി യുഎഇയുടെ തലസ്ഥാനമായ അബുദാബിയെ തിരഞ്ഞെടുത്തു. യാസ് ഐലന്‍ഡിലെ യാസ് മാളിനും സീവേള്‍ഡിനും ഇടയിലാണ് 16,262 കോടി രൂപ ചെലവില്‍ സ്ഫിയര്‍ വരുന്നത്.

യാസ് ഐലന്‍ഡിലെ ഡിസ്നി തീം പാര്‍ക്ക്, സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്ട് എന്നിവയ്ക്കൊപ്പം സ്ഫിയര്‍ കൂടി എത്തുന്നതോടെ ലോകത്തെ ഏറ്റവും വലിയ ടൂറിസം ഹബ്ബായി അബുദാബി മാറും. 2023 സെപ്റ്റംബറില്‍ ലാസ് വെഗാസിലാണ് ലോകത്തെ ആദ്യ സ്ഫിയര്‍ തുറന്നത്. വിനോദ വ്യവസായത്തിന്റെ ചരിത്രം മാറ്റിക്കുറിച്ച ഈ പരീക്ഷണമാണ് ഇപ്പോള്‍ അബുദാബിയിലേക്കും എത്തുന്നത്.

നിരവധി പ്രത്യേകതകളാണ് സ്ഫിയറിനുള്ളത്. പുറമെനിന്ന് നോക്കിയാല്‍ ഭീമാകാരമായ ഗോളം. കോടിക്കണക്കിന് എല്‍ഇഡി ലൈറ്റുകള്‍ കൊണ്ടാണ് പുറംഭാഗം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഗോളത്തിനു പുറത്ത് ചന്ദ്രനോ ഭൂമിയോ സിനിമയോ ഏതു ദൃശ്യങ്ങളും അതിമനോഹരമായി തെളിയും.

അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പും സ്ഫിയര്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഏതാനും മിനിറ്റുകള്‍ മാത്രം അകലെയാകും സ്ഫിയര്‍ നിര്‍മിക്കുക. വെറുമൊരു വിനോദകേന്ദ്രം എന്നതിലുപരി ഇമാറാത്തി സംസ്‌കാരത്തെയും കഥകളെയും ലോകത്തിനു പരിചയപ്പെടുത്തുന്ന വേദിയായി സ്ഫിയര്‍ മാറും. സ്ഫിയറിന്റെ പുറംഭാഗത്തെ കൂറ്റന്‍ എല്‍ഇഡി സ്‌ക്രീനായ എക്സോസ്ഫിയറില്‍ ഇമാറാത്തി കലാകാരന്മാരുടെ സൃഷ്ടികള്‍ തെളിയും.

സംഗീത കച്ചേരി ഉള്‍പ്പെടെ ലോകോത്തര വിനോദങ്ങള്‍ക്കു പുറമെ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന ഉത്പന്ന ലോഞ്ചുകള്‍ക്കും സ്പോര്‍ട്സ് മത്സരങ്ങള്‍ക്കും 20,000 പേര്‍ക്ക് ഇരിക്കാവുന്ന വേദി സാക്ഷ്യം വഹിക്കും. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അബുദാബി മൊബിലിറ്റി, ഡിപാര്‍ട്ട്മെന്റ് ഓഫ് എനര്‍ജി, താഖ, ഇത്തിഹാദ് റെയില്‍, അല്‍ദാര്‍ തുടങ്ങിയ പ്രമുഖ ഏജന്‍സികള്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

Content Highlights: The iconic Sphere, known as a global entertainment marvel in Las Vegas, is set to make its way to the UAE, promising a futuristic immersive experience in the region.

To advertise here,contact us