വലിയ പെരുന്നാൾ ആഘോഷമാക്കാം; യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു

വാരാന്ത്യ അവധി ഉള്‍പ്പെടെ ഇത്തവണ ഒന്‍പത് ദിവത്തെ അവധിയാകും ജീവനക്കാര്‍ക്ക് ലഭിക്കുക.

ബലിപെരുന്നാളിനോടനബന്ധിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അറഫാ ദിനവും പെരുന്നാളും പ്രമാണിച്ച് ഈ മാസം 25 മുതല്‍ മെയ് 29 വരെയാണ് ശമ്പളത്തോട് കൂടിയ അവധി. വാരാന്ത്യ അവധി ഉള്‍പ്പെടെ ഇത്തവണ ഒന്‍പത് ദിവത്തെ അവധിയാകും ജീവനക്കാര്‍ക്ക് ലഭിക്കുക.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്കുള്ള വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. ഉത്തരവ് പ്രകാരം നീണ്ട അഞ്ച് ദിവസത്തെ അവധിയാകും ജീവനക്കാര്‍ക്ക് ലഭിക്കുക. ഈ മാസം 25ന് ആരംഭിക്കുന്ന അവധി 29 വരെ നീണ്ടുനില്‍ക്കും. അവധിക്ക് മുമ്പും ശേഷവുമുള്ള നാല് ദിവസത്തെ വാര്യാന്ത്യ അവധി കൂടി ചേരുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയാകും ജീവനക്കാര്‍ക്ക് ലഭിക്കുക.

അവധിക്ക് ശേഷം ജൂണ്‍ 1 തിങ്കളാഴ്ചയായിരിക്കും സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. നേരത്തെ സ്‌കൂളുകള്‍ക്കും സമാനമായ രീതിയില്‍ അവധി പ്രഖ്യാപിച്ചിരുന്നു. ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം മെയ് 26 ചൊവ്വാഴ്ച അറഫാ ദിനവും മെയ് 27 ബുധനാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ചാന്ദ്രദര്‍ശനത്തിന് ശേഷമാകും യുഎഇ ഭരണകൂടം ഇക്കാര്യം സ്ഥിരീകരിക്കുക.

വരും ദിവസങ്ങളില്‍ സ്വകാര്യമേഖലയ്ക്കുള്ള അവധിയും യുഎഇ മാനവ വിഭവ സ്വദേശിവത്ക്കരണമന്ത്രാലയം പ്രഖ്യാപിക്കും. ദീര്‍ഘകാല അവധി മുന്നില്‍ കണ്ട് പെരുന്നാല്‍ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകളും പ്രവാസികള്‍ ഉള്‍പ്പെടയുള്ളവര്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ ഹോട്ടലുകളും റിസോര്‍ട്ടുകളും സന്ദര്‍ശകരെ സ്വീകരിക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ്.

Content Highlights:

To advertise here,contact us