ദുബായിലെ ഷെയറിങ് താമസകേന്ദ്രങ്ങള്‍ക്ക് അനുമതി; അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചുതുടങ്ങും

ഷെയറിങ് താമസത്തിനുള്ള പുതിയ നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങളാണ് ദുബായ് മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്

ദുബായിലെ ഷെയറിങ് താമസകേന്ദ്രങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ ഉടന്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും. നടപടിക്രമങ്ങള്‍ അന്തിമമാകുന്നതിന് പിന്നാലെ ദുബായ് മുന്‍സിപ്പാലിറ്റി ഇതിനായി അപേക്ഷകള്‍ ക്ഷണിക്കും. കെട്ടിടത്തിന്റെ ഉടമയ്ക്കോ ചുമതലപ്പെടുത്തുന്ന കമ്പനികള്‍ക്കോ മാത്രമാകും താമസസ്ഥലങ്ങള്‍ ഷെയറിങ് രീതിയില്‍ വാടകക്ക് നല്‍കാന്‍ അനുമതിയുണ്ടാവുക.

ഷെയറിങ് താമസത്തിനുള്ള പുതിയ നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങളാണ് ദുബായ് മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. അടുത്തിടെ പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം താമസ സ്ഥലങ്ങള്‍ ഷെയറിങിന് നല്‍കാന്‍ മുൻസിപ്പാലിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഇിനായുളള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങും.

ദുബായ് മുന്‍സിപ്പാലിറ്റിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിന് വേണ്ടിയുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുകയാണെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു. കെട്ടിടത്തിന്റെ ഉടമക്കോ, ചുമതലപ്പെടുത്തുന്ന കമ്പനിക്കോ മാത്രമായിരിക്കും താമസസ്ഥലങ്ങള്‍ ഷെയറിംഗിന് നല്‍കാന്‍ അനുമതിയുണ്ടാവുക. താമസകെട്ടിടങ്ങളുടെ ദുരുപയോഗം ഒഴിവാക്കാനും അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ താമസിക്കുന്നത് തടയാനും ലക്ഷ്യമിട്ടാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ നിയമം പ്രഖ്യാപിച്ചത്.

താമസ യൂണിറ്റുകള്‍ ഷെയറിങ് താമസത്തിന് വിട്ടുനല്‍കാന്‍ വ്യക്തികളും സ്ഥാപനങ്ങളും മുന്‍കൂര്‍ പെര്‍മിറ്റ് നേടിയിരിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തേക്കും രണ്ട് വര്‍ഷത്തേക്കും അനുമതി ലഭിക്കും. കെട്ടിടം വാടകക്കെടുത്തവര്‍ക്ക് സ്ഥലം മറ്റുള്ളവര്‍ക്ക് മറിച്ച് വാടകക്ക് സബ് ലീസ് ചെയ്യാന്‍ അനുവദിക്കില്ല. സാങ്കേതിക സുരക്ഷാ സംവിധാനങ്ങളുള്ള താമസ യൂണിറ്റുകള്‍ മാത്രമാണ് ഇത്തരത്തില്‍ ഷെയറിങിന് വിട്ടുനല്‍കാന്‍ അനുമതി ലഭിക്കുക.

നിയമം ലംഘിച്ചാല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ ദുബായ് റെന്റല്‍ ഡിസ്പ്യൂട്ട് സെന്ററാണ് തീര്‍പ്പാക്കുക. നിലവില്‍ ഷെയറിങ് താമസമുള്ള സ്ഥലങ്ങള്‍ നിയമപരമാക്കാന്‍ ഒരുവര്‍ഷം സമയം അനുവദിക്കും. തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ ഒഴികെയുള്ള താമസസ്ഥലങ്ങള്‍ക്കെല്ലാം പുതിയ നിയമം ബാധകമായിരിക്കും.

Content Highlights: Dubai authorities have approved sharing accommodation centres as part of new housing regulations. Applications for permits are expected to begin soon, aiming to improve organized and affordable housing facilities in the emirate.

To advertise here,contact us