'രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു നീക്കത്തെയും ശക്തമായി നേരിടും'; യുഎഇ പ്രസിഡന്റ്

'സ്വന്തം ജനതയുടെയും ലോകത്തിന്റെയും ഐശ്വര്യമാണ് യുഎഇ എന്നും ആഗ്രഹിക്കുന്നത്'

രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഏതൊരു നീക്കത്തെയും ശക്തമായി നേരിടുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ സായുധ സേനാ ഏകീകരണത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുണ്ടായ ഇറാന്റെ ആക്രമണങ്ങളെ ധീരതയോടെയും കാര്യക്ഷമതയോടെയും നേരിട്ട സൈന്യത്തിന്റെ നടപടിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രശംസിച്ചു. സായുധ സേനയുടെ കരുത്തും സമൂഹത്തിന്റെ ഐക്യവും യുഎഇയുടെ വികസന മാതൃകയുമാണ് ഏതൊരു കടന്നുകയറ്റത്തെയും ചെറുക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നത്. 1976 മേയ് 6ന് സായുധ സേനയെ ഏകീകരിക്കാന്‍ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദും മറ്റ് ഭരണാധികാരികളും എടുത്ത തീരുമാനം ചരിത്രപരമായ ദീര്‍ഘ വീക്ഷണമായിരുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ ഭാവി സംരക്ഷിക്കുന്ന കവചമായി സൈന്യത്തെ നിലനിര്‍ത്തുന്നതിന് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് തന്ത്രപരമായ മുന്‍ഗണനയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണത്തിലൂടെ കെട്ടിപ്പടുത്ത യുഎഇയുടെ ആധുനിക പ്രതിരോധ വ്യവസായം ഈ വെല്ലുവിളികളെ നേരിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സ്വന്തം ജനതയുടെയും ലോകത്തിന്റെയും ഐശ്വര്യമാണ് യുഎഇ എന്നും ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും രക്തസാക്ഷികളായ സൈനികരുടെ ത്യാഗങ്ങളെ രാജ്യം എന്നും ആദരവോടെ സ്മരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.

Content Highlights: The President of the United Arab Emirates has issued a strong warning that any move threatening national security will be dealt with firmly. The statement underscores the country’s commitment to maintaining stability and enforcing strict security measures.

To advertise here,contact us