യുഎഇ വ്യോമപാത പൂർണമായും തുറന്നു; പ്രവാസികൾക്ക് ആശ്വാസമായി സർവീസുകൾ കൂട്ടാൻ ഇന്ത്യൻ കമ്പനികൾ

നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീങ്ങിയതോടെ വൈകാതെ സര്‍വീസുകള്‍ നൂറ് ശതമാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ

പശ്ചിമേഷ്യൻ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ യുഎഇ വ്യോമ പാത പൂര്‍ണമായും തുറന്നു. മുഴുവന്‍ നിയന്ത്രണങ്ങളും നീക്കിയതോടെ വിമാന സര്‍വീസുകള്‍ വീണ്ടും സാധാരണ നിലയിലാകും. ഇന്ത്യയില്‍ നിന്നുള്ള വിമാന കമ്പനികളും വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

പശ്ചിമേഷ്യ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 28 വ്യോമപാതയില്‍ എര്‍പ്പെടുത്തിയ നിയന്ത്രങ്ങളാണ് യുഎഇ പൂര്‍ണമായും പിന്‍വലിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ നീക്കാനുള്ള തീരുമാനം സിവില്‍ ഏവിയേഷന്‍ അതേറിറ്റി കൈക്കൊണ്ടത്. വ്യോമപാത പൂര്‍ണമായും തുറന്നതോടെ യുഎഇയിലെ മുഴുവന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വിസുകളും പുനരാരംഭിക്കും. കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന കമ്പനികള്‍ക്ക് യുഎഇയുടെ വ്യോമപാത തടസ്സമില്ലാതെ ഉപയോഗിക്കുകയും കഴിയും. 65 ശതമാനം സര്‍വിസുകളാണ് നിലവില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നടത്തുന്നത്. ഇത്തിഹാദ് എയര്‍വെയ്‌സ് 80 ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്‍വിസ് നടത്തി വരുന്നുണ്ട് .

നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീങ്ങിയതോടെ വൈകാതെ സര്‍വീസുകള്‍ നൂറ് ശതമാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും തത്സമയ നിരീക്ഷണം തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. മേഖലയിലെ വ്യോമയാന സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും ഏറ്റവും ഉയര്‍ന്ന സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വ്യോമ പാത തുറന്നെതെന്നും അധികൃതര്‍ അറിയിച്ചു.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമ പാത അടച്ചതിന് പിന്നാലെ മാര്‍ച്ച് മുതല്‍ ബദല്‍ പാതയിലൂടെയായിരുന്നു വിമാന സര്‍വിസുകള്‍ ഭാഗികമായി നടന്നുവന്നിരുന്നത്. മണിക്കൂറില്‍ 40 വിമാനങ്ങള്‍ മാത്രമായിരുന്നു ഈ പാത വഴി സര്‍വിസ് നടത്തിയിരുന്നത്. ഇന്ത്യന്‍ വിമാന കമ്പനികളും വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സൂചന. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യന്‍ വിമാന കമ്പനികള്‍ ഇപ്പോള്‍ ഭാഗികമായി മാത്രമാണ് സര്‍വിസ്‌ നടത്തുന്നത്.

Content Highlights: The reopening of UAE airspace has brought relief to expatriates and frequent travelers. In response to growing demand, Indian airlines are set to increase flight services between India and the UAE.

To advertise here,contact us