ഗതാഗത നിയമ ലംഘകര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്. വാഹനമോടിക്കുമ്പോഴുള്ള ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. അബുദാബയിലെ പ്രധാന റോഡില്‍ നടന്ന അപകടങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് മുന്നറിയിപ്പ്.
റോഡിലെ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നത് മൂലം സംഭവിക്കുന്ന രണ്ട് വാഹനാപകടങ്ങളുടെ ദൃശ്യങ്ങളാണ് അബുദാബി പൊലീസ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. കൃത്യമായ പരിശോധനകളില്ലാതെ പ്രധാന റോഡുകളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതും ഡ്രൈവിങ്ങിനിടയിലുള്ള ശ്രദ്ധക്കുറവുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് ഓര്‍മിപ്പിക്കുന്നു.
വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ റോഡില്‍ നിന്ന് മാറുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള നിയമ ലംഘകർക്ക് 800 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും. ഗതാഗത നിയമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി പ്രത്യേക ബോധവത്ക്കരണം ക്യാമ്പയിനും അബുദാബി പൊലീസ് തുടക്കം കുറിച്ചു.
വാഹനം ഓടിക്കുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പിഴവുകകള്‍ ജനങ്ങളിലേക്ക് എത്തിച്ച് അതുവഴി അപകടങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ക്യാമ്പയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുമ്പോള്‍ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോൺ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം. ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കണമെന്നും നിയമ ലംഘകര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി.
Content Highlights: Abu Dhabi Police have issued a warning highlighting that even minor negligence can result in serious accidents. Authorities stressed strict enforcement against traffic rule violators to ensure road safety.