എണ്ണ ഇതര വിദേശ വ്യാപാരത്തില്‍ വൻ വളർച്ച; കണക്കുകൾ പുറത്തുവിട്ട് അബുദാബി ഭരണകൂടം

ആഗോള സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കുന്നതും ലോജിസ്റ്റിക്സ് ശേഷി കൂട്ടുന്നതും വ്യാപാര മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുന്നുണ്ട്

അബുദാബിയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 36 ശതമാനം വളര്‍ച്ച. 2024നെ അപേക്ഷിച്ച് 99 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. സാമ്പത്തിക വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായാണ് നേട്ടം. 2024ല്‍ 30,600 കോടി ദിര്‍ഹമായിരുന്ന എണ്ണ ഇതര വിദേശ വ്യാപാരം. ഇത് 2025ല്‍ 41,540 കോടി ദിര്‍ഹമായി ഉയര്‍ന്നുവെന്ന് അബുദാബി കസ്റ്റംസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എണ്ണ ഇതര കയറ്റുമതി 2025ല്‍ 63 ശതമാനം കൂടി 17,540 കോടി ദിര്‍ഹമായി. ഇറക്കുമതി 22 ശതമാനം വര്‍ദ്ധിച്ച് 17,040 കോടി ദിര്‍ഹവും റീ-എക്‌സ്‌പോര്‍ട്ട് 20 ശതമാനം വര്‍ദ്ധിച്ച് 7,000 കോടി ദിര്‍ഹവുമായി. അടിസ്ഥാന സൗകര്യ വികസനത്തിലും വിപണിയിലെ ഇടപെടലുകളിലും കൃത്യമായ നയരൂപീകരണം നടത്തിയത് ഈ വളര്‍ച്ചയ്ക്ക് വേഗം കൂട്ടിയതായി അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ അഹമ്മദ് അല്‍ സാബി പറഞ്ഞു.

ആഗോള സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കുന്നതും ലോജിസ്റ്റിക്സ് ശേഷി കൂട്ടുന്നതും വ്യാപാര മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുന്നുണ്ട്. സുതാര്യമായ വ്യാപാര ഇടപാടുകളും വിതരണ ശൃംഖലയിലെ കാര്യക്ഷമതയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കും. വരും വര്‍ഷങ്ങളിലും എണ്ണ ഇതര വ്യാപാര മേഖലയുടെ വളര്‍ച്ച വേഗത്തിലാക്കാനുള്ള നടപടികളാണ് എമിറേറ്റ് നടപ്പാക്കുന്നത്.

Content Highlights; Abu Dhabi has reported significant growth in non-oil foreign trade, highlighting strong economic diversification and increased global trade activity.

To advertise here,contact us