സ്വദേശി കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുക ലക്ഷ്യം; ആനുകൂല്യങ്ങളുമായി ദുബായ് ആർടിഎ

ആര്‍ടിഎയില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാര്‍ക്കും വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

സ്വദേശി കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിനായി വിപുലമായ ആനുകൂല്യം പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഇതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഹന പാര്‍ക്കിംഗിന് ഇനി ഫീസ് നല്‍കേണ്ടതില്ല. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബസ്സും മെട്രോയും ഉള്‍പ്പെടെയുളള പൊതു ഗതാഗത സംവിധാനങ്ങളില്‍ നിരക്കിളവും പ്രഖ്യാപിച്ചു.

ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും യുഎഇ കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് പ്രഖ്യാപിച്ച് കുടുംബം ഒന്നാമത് എന്ന പദ്ധതിയുടെ ഭാഗമായാണ് സ്വദേശികള്‍ക്ക് വലിയ ആനൂകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്. കുടുംബക്ഷേമന്ത്രി സന ബിന്ത് മുഹമ്മദ് സുഹൈല്‍, ആര്‍ടിഎ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ എന്നിവര്‍ ചേര്‍ന്ന് ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. സ്വദേശി പൗരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷിതമായ യാത്രയും നിരക്കിളവുകളും ഇതിലൂടെ ഉറപ്പാക്കുന്നു. ഇതനുസരിച്ച് മുതിര്‍ന്ന പൗരന്മാരുടെ പേരിലുള്ള വാഹനങ്ങള്‍ക്ക് ദുബായില്‍ പാര്‍ക്കിംഗ് ഫീസ് നൽകേണ്ടതില്ല.

വിദ്യാര്‍ത്ഥികൾക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബസ്, മെട്രോ, ട്രാം, അബ്ര തുടങ്ങിയ പൊതുഗതാഗത സംവിധനങ്ങളില്‍ നിരക്കിളവും ഉണ്ടാകും. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വാഹങ്ങളെ പാര്‍ക്കിംഗ് ഫീസില്‍ നിന്നും ടോളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത്തരക്കാരുടെ വാഹന രജിസ്‌ട്രേഷനും പുതുക്കലും സൗജന്യമായിരുക്കും. ഇതിന് പുറമെ പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യ യാത്രയും അനുവദിക്കും.

സ്വദേശി പൗരന്മാര്‍ വീടുകളില്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ മെട്രോ-ബസ്-അബ്ര സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കാനും വില്‍പന നടത്താനും അനുവദിക്കുമെന്നും ആര്‍ടിഎ അറിയിച്ചു. ആര്‍ടിഎയില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാര്‍ക്കും വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍ടിഎയുടെ ബസ്സില്‍ രൂപമാറ്റം വരുത്തി കുട്ടികള്‍ക്കായി മൊബൈല്‍ നഴ്‌സറി ആരംഭിക്കുന്നതടക്കമുള്ള പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

Content Highlights: Dubai RTA introduces new benefits aimed at easing financial burdens on Emirati families and improving public welfare.

To advertise here,contact us