ഷാർജയിൽ ബുധനാഴ്ചയുണ്ടായ കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് ഒരു കുട്ടി മരിച്ചു. ഷാർജ പൊലീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഏപ്രിൽ 1-ന് വൈകുന്നേരം 7.05-ഓടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിച്ചത്. ഉടൻ തന്നെ പ്രത്യേക സംഘങ്ങളും ആംബുലൻസും സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ നീന്തുന്നതിനെതിരെ ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകുകയും കുട്ടികളുടെ മേൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം സ്ഥലങ്ങളിൽ ഇറങ്ങുന്നതോ നീന്തുന്നതോ കുട്ടികളുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുമെന്ന് അധികൃതർ മാതാപിതാക്കളെ ഓർമിപ്പിച്ചു.
കുട്ടികൾ എവിടെയാണെന്ന കാര്യത്തിൽ കൃത്യമായ ശ്രദ്ധ വേണമെന്ന് പൊലീസ് കൂട്ടിച്ചേർത്തു. മഴവെള്ളക്കെട്ടുകൾക്ക് എല്ലായിടത്തും ഒരേ ആഴമായിരിക്കില്ല. അപകടസാധ്യത മുൻകൂട്ടി കാണാൻ പ്രയാസമാണ് എന്നതും അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. അപ്രതീക്ഷിതമായ തെന്നിവീഴ്ചകൾക്കും ഇളകിക്കിടക്കുന്ന ചെളിയിൽ താഴുന്നതിനും ഇത് കാരണമായേക്കാം. അധികൃതർ അറിയിച്ചു.
കുട്ടിയുടെ വേർപാടിൽ ഷാർജ പൊലീസ് അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. കുട്ടികളെ കൃത്യമായി നിരീക്ഷിക്കേണ്ടതിന്റേയും നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ നീന്താൻ പോകുന്നതിലെ അപകടങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കേണ്ടതിന്റേയും പ്രാധാന്യം പൊലീസ് ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുവായ വിവരങ്ങൾക്കും അടിയന്തരമല്ലാത്ത കാര്യങ്ങൾക്കുമായി 901 എന്ന നമ്പരിലും അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പരിലും റിപ്പോർട്ട് ചെയ്യാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Content Highlights: A child died after falling into waterlogged streets in Sharjah following heavy rainfall. Authorities confirmed the tragic incident.