യുഎഇയിലെ താമസക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഇളവുമായി ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മിറക്കിള്‍ ഗാര്ഡന്. മുപ്പത് ദിര്‍ഹത്തിന് ഉദ്യാനം സന്ദര്‍ശിക്കാനുള്ള അവസരമാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഇത്തവണത്തെ സീസണ് അവസാനിക്കുന്നതിന് മുമ്പ് കൂടുതല്‍ കുടുംബങ്ങളെയും താമസക്കാരെയും ഉദ്യാനം സന്ദര്‍ശിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
14-ാം സീസണിന്റെ അവസാന ആഴ്ചകളോടനുബന്ധിച്ചാണ് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചികുന്നത്. നാളെ മുതല്‍ മെയ് 31 വരെയാണ് നിരക്ക് ഇളവ്. 30 ദിര്‍ഹം നല്കി താമസക്കാര്‍ക്ക് മിറാക്കിള്‍ ഗാര്ഡന് സന്ദര്‍ശിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് പുറമെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനവും അനുവദിക്കും.
പ്രത്യേക നിരക്ക് ലഭിക്കുന്നതിനായി ടിക്കറ്റ് കൗണ്ടറില്‍ എമിറേറ്റ്സ് ഐഡി നല്‍കണം. അതേസമയം വിനോദസഞ്ചാരികള്‍ക്കുളള ടിക്കറ്റ് നിരക്ക് 105 ദിര്‍ഹമായി തുടരും. മിറക്കിള്‍ ഗാര്‍ഡന്റെ 14-ാം സീസണ് മെയ് 31-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ഓഫര്‍. കൂടുതല്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.
റമദാന് മാസത്തില്‍ ഏതാനും ദിവസങ്ങളില്‍ മിറക്കിള്‍ ഗാര്‍ഡനില്‍ സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് അന്ന് ഗാര്ഡന് സന്ദര്‍ശിച്ചത്. ദുബായിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് 150 ദശലക്ഷത്തിലധികം പൂക്കള്‍ കൊണ്ട് നിറഞ്ഞ ഈ ഉദ്യാനം. യുഎഇയിലെ കുടുംബങ്ങള്ളുടെയും സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രം കൂടിയാണ് ഇവിടം. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ഗാര്‍ഡന്റെ പ്രവര്‍ത്തനം. പ്രത്യേക ഉളവ് പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Dubai Miracle Garden announces a special discount on entry tickets for UAE residents, bringing relief and excitement for visitors and families.