പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇ; എൻട്രി പെർമിറ്റില്ലാതെ വിദേശത്ത് കഴിയാനുള്ള സമയം തീരുന്നു

മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് യുഎഇ പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്

വിദേശത്ത് വെച്ച് റെസിഡന്‍സി വിസയുടെ കാലാവധി കഴിഞ്ഞ യുഎഇ പ്രവാസികള്‍ക്ക് പുതിയ എന്‍ട്രി പെര്‍മിറ്റ് ഇല്ലാതെ രാജ്യത്തേക്ക് മടങ്ങിയെത്താനുള്ള സമയപരിധി നാളെ അവസാനിക്കും. അര്‍ഹരായവര്‍ പ്രത്യേക അനുകൂല്യം പ്രയോജനപ്പെടുത്തി നിശ്ചിത സമയ പരിധിക്കുള്ളില്‍ രാജ്യത്തേക്ക് തിരിച്ചെത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ആണ് വിസാ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഘര്‍ഷങ്ങളും വ്യോമാതിര്‍ത്തി അടച്ചതും കാരണം യുഎഇയിലേക്ക് കൃത്യസമയത്ത് മടങ്ങാന്‍ കഴിയാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കായാണ് ആനുകൂല്യം ലഭിക്കുക. യുഎഇക്ക് പുറത്തായിരിക്കുമ്പോള്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്കും ഫെബ്രുവരി 28 മുതല്‍ യാത്രാ തടസ്സങ്ങള്‍ നേരിട്ടവര്‍ക്കും ഇളവ് ലഭിക്കും. ഇത്തരക്കാര്‍ക്ക് പുതിയ എന്‍ട്രി വിസ എടുക്കാതെ തന്നെ നിലവിലുള്ള രേഖകള്‍ ഉപയോഗിച്ച് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാം.

മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് യുഎഇ പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍ മാര്‍ച്ച് 31-ന് ശേഷം ഈ ആനുകൂല്യം ലഭ്യമാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യം പഴയ പ്രവേശന നടപടിക്രമങ്ങളിലേക്ക് മടങ്ങും. ഗ്രേസ് പിരീഡിന് ശേഷം എത്തുന്നവര്‍ നിയമപ്രകാരം പുതിയ എന്‍ട്രി വിസ എടുക്കേണ്ടി വരുമെന്ന് അറിയിപ്പില്‍ പറയുന്നു. അര്‍ഹരായവര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ യുഎഇയില്‍ തിരിച്ചെത്തണമെന്ന് ഐസിപി അഭ്യര്‍ത്ഥിച്ചു.

Content Highlights: The UAE has issued a warning to expatriates staying outside the country without valid entry permits, as the deadline to return or regularize their status is nearing.

To advertise here,contact us