പുതിയ ട്രാക്കുകളും പ്രവർത്തന സജ്ജമായി; ദുബായിലെ സൈക്ലിങ് പാതകളുടെ നീളം 636 കിലോമീറ്ററായി

നിലവിലുള്ള പ്രധാന ട്രാക്കുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പുതിയ പാതകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്

പുതിയ ട്രാക്കുകള്‍ കൂടി പ്രവര്‍ത്തന സജ്ജമായതോടെ ദുബായിലെ ആകെ സൈക്ലിങ് പാതകളുടെ നീളം 636 കിലോമീറ്ററായി ഉയര്‍ന്നു. 2024 അവസാനം 560 കിലോമീറ്റര്‍ ആയിരുന്നു സെക്കിള്‍ പാതകളുടെ നീളം. 2030-നകം നഗരത്തിലുടനീളം ആയിരം കിലോമീറ്റര്‍ സൈക്കിള്‍ പാതയെന്ന ലക്ഷ്യത്തിലേക്കാണ് ദുബായ് അതിവേഗം ചുവടുവയ്ക്കുന്നത്.

നിലവിലുള്ള പ്രധാന ട്രാക്കുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പുതിയ പാതകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അല്‍ ഖവാനീജ് മുതല്‍ അല്‍ മംസാര്‍ ബീച്ച് വരെയും അല്‍ വര്‍ഖ മുതല്‍ സെയ്ഹ് അല്‍ സലാം വരെയും ട്രാക്കുകള്‍ പരസ്പരം ബന്ധിപ്പിച്ചു. ഡിഐഎഫ്സി മുതല്‍ ജുമൈറ വരെയുള്ള പാതയും ഇതോടെ പൂര്‍ണമാകും. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പ്രധാന റോഡുകള്‍ക്ക് മുകളിലൂടെ സൈക്കിള്‍ പാലങ്ങളും നിര്‍മിക്കുന്നുണ്ട്.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ദുബായ്-അല്‍ ഐന്‍ റോഡ്, ഷെയ്ഖ് സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ് എന്നിവിടങ്ങളിലെ കൂറ്റന്‍ സൈക്കിള്‍ പാലങ്ങള്‍ ഈ വര്‍ഷം രണ്ടാം പാദത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലോകത്തിലെ മികച്ച 100 സൈക്കിള്‍ സൗഹൃദ നഗരങ്ങളില്‍ ദുബായ് ഇടംപിടിച്ചതായി ആര്‍ടിഎ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.

കോപന്‍ഹേഗനൈസ് ഇന്‍ഡക്‌സില്‍ ഇടംനേടുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ നഗരമെന്ന സ്ഥാനവും ഇതോടെ ദുബായ്ക്ക് സ്വന്തമായി. താമസയിടങ്ങളെ മെട്രോ സ്റ്റേഷനുകളുമായും ബസ് സ്റ്റേഷനുകളുമായും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഭൂരിഭാഗം ട്രാക്കുകളും. വ്യായാമത്തിനും ആരോഗ്യസംരക്ഷണത്തിനുമായി സൈക്ലിങ്ങിനെ ആശ്രയിക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഈ സൗകര്യങ്ങള്‍ വലിയ ആശ്വാസമാണ്. ഹെസ്സ സ്ട്രീറ്റില്‍ മാത്രം 13.5 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പുതിയ ട്രാക്ക് 12 പ്രധാന കേന്ദ്രങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. മണിക്കൂറില്‍ 5,200 പേര്‍ക്ക് ഈ പാതയിലൂടെ യാത്ര ചെയ്യാനാകും.

Content Highlights: Dubai’s cycling network has expanded to 636 km with new tracks becoming operational, boosting sustainable transport and fitness infrastructure in the city.

To advertise here,contact us