യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ; പ്രധാന റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട്

മോശം കാലാവസ്ഥയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ബസ് സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളും പ്രധാന റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. നാളെയും മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

യുഎഇയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും മഴ തുടരുകയാണ്. ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ തുടങ്ങി വിവിധ എമിറേറ്റുകളില്‍ അതി ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപെട്ടു. പ്രധാന റോഡുകളില്‍ ഉള്‍പ്പെടെ വെള്ളം നിറഞ്ഞതോടെ വാഹന ഗതാഗതവും തടസപ്പെട്ടു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ബസ് സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രധാന റോഡുകള്‍ പലതും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ നിരവധി മേഖലയില്‍ നാശനഷ്ടം നേരിട്ടു. താമസമേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന ഒട്ടനവധി വാഹനങ്ങളും വെള്ളത്തില്‍ അകപ്പെട്ടു. നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പുലര്‍ച്ചെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയില്‍ അബുദാബി, ദുബായ് എന്നിവിടങ്ങളിലും വടക്കന്‍ തീരപ്രദേശങ്ങളിലും തെക്കന്‍ ഉള്‍നാടന്‍ മേഖലകളിലും മഴ ശക്തമാകും. അല്‍ ഐന്‍ ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ മേഖലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധ്യതയുണ്ട്.

കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ തീവ ജാഗ്രത പാലിക്കണമെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കി. താഴ്വരകളില്‍ നിന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കണം. കടല്‍തീരങ്ങളില്‍ പോകുന്നതിനും വിലക്കുണ്ട്. വാഹനം ഓടിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം. വിമാനാ യാത്രക്കാര്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlights: Heavy rainfall across the UAE has led to severe waterlogging on major roads, causing traffic disruptions and safety concerns for motorists

To advertise here,contact us