ജനങ്ങൾ കൂട്ടത്തോടെ ദുബായ് വിടുന്നെന്ന പ്രചാരണം വ്യാജം; വാർത്തകൾ നിഷേധിച്ച് ദുബായ് മീഡിയ ഓഫീസ്

ഇറാന്റെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ദുബായില്‍ നിന്ന് പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ തിരിച്ചുപോകുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിക്ഷേധിച്ച് ദുബായ് മീഡിയ ഓഫീസ്. രാജ്യം സുരക്ഷിതമാണെന്നും ജനജീവിതം സാധാരണനിലയില്‍ മുന്നോട്ട് പോകുന്നതായും അധികൃതര്‍ വ്യക്തമാക്കി. ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് പുറത്തിറക്കിയ വീഡിയോയിലൂടെയാണ് തെറ്റായ പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.

ഇറാന്റെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ദുബായില്‍ നിന്ന് പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. വിവാനത്താവളങ്ങള്‍ അടച്ചുപൂട്ടിയെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ബാങ്കുകള്‍ പ്രവാസികളുടെ നിക്ഷേപങ്ങള്‍ മരവിപ്പിച്ചെന്നും പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തകര്‍ന്നു എന്നുമാണ് മറ്റൊരു പ്രചാരണം.

ഭക്ഷ്യസാധനങ്ങള്‍ കിട്ടാനില്ലെന്ന് സ്ഥാപിക്കുന്നതിനായി സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന ഷെല്‍ഫുകളുടെ വ്യാജ ചിത്രങ്ങളും ചിലര്‍ പങ്കുവക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ്. ദുബായിലെ ജീവിതം തീര്‍ത്തും സാധാരണ നിലയില്‍ മുന്നോട്ട് പോകുന്നു. ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം പതിവ് പോലെ പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് എവിടെയും ഭക്ഷ്യ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പോകാതെ വസ്തുതകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മീഡിയ ഓഫീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ആധികാരിക വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങളെയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളെയും മാത്രം ആശ്രയിക്കണം. തെറ്റായ പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എല്ലാവരും തയ്യാറാകണം. വ്യാജവാര്‍ത്തകളോ ദൃശ്യങ്ങളോ പ്രചരിരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Content Highlights: Dubai Media Office denies rumors of mass departures, confirming that the reports of residents leaving the city are false.

To advertise here,contact us