എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മിക്കുന്ന ഡീപ്പ്ഫേക്ക് വീഡിയോകള്‍ ഉപയോഗിച്ച് നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എല്ലാ വീഡിയോകളും യാഥാര്‍ഥമല്ല. ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഡീപ്പ് ഫേക്ക് വീഡിയോകള്‍ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ കൗണ്‍സില്‍ രംഗത്ത് എത്തിയിരിക്കുന്നത്. എഐ സാങ്കേതികത വിദ്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ഡീപ്പ്ഫേക്ക് വീഡിയോകളില്‍ ഒരാളുടെ രൂപവും ശബ്ദവും ഏത് ഭാഷയിലും അനുകരിക്കാന്‍ സാധിക്കുമെന്ന് സൈബര്‍ സുരക്ഷാ കൗണ്‍സില്‍ വ്യക്തമാക്കി.
സൈബര്‍ ഇടത്തില്‍ കാണുന്നതെല്ലാം യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കരുത്. ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ തന്നെ ഡീപ്പ്ഫേക്ക് ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക വീഡിയോ അധികൃതര്‍ പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രി ഒമര്‍ അല്‍ ഒലാമ, എന്‍എംസി ചെയര്മാന് അബ്ദുള്ള അല്‍ഹമദ്, ജിഡിആര്‍എഫ്എ മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മഹ്റി തുടങ്ങിയ പ്രമുഖര്‍ സംസാരിക്കുന്ന രീതിയിലാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വീഡിയോകള്‍ ഉപയോഗിച്ചാണ് സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നതെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി.
സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെടുന്ന ഡീ ഫേക്ക് വീഡിയോകളിലെ വിവരങ്ങള്‍ വിശ്വസിക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കണം. ഇത്തരം ദൃശ്യങ്ങള്‍ പങ്കുവക്കുന്നതിന് മുമ്പും വിശദമായ പരിശോധന ആവശ്യമാണ്. നിലവിലെ സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചോ സൈനിക നീക്കങ്ങളെക്കുറിച്ചോ ഉള്ള വ്യാജ വീഡിയോകള്‍ പങ്കുവെക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും സൈബര്‍ സുരക്ഷാ കൗണ്‍സിലിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ജയില്‍ വാസം ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. സംഘര്‍ഷ മേഖലകളുടെയും മിസൈല്‍ അവശിഷ്ടങ്ങളുടെയും യഥാര്‍ത്ഥ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പങ്കുവക്കുന്നതും കുറ്റകരമാണ്.
Content Highlights: The UAE has issued a warning about rising cyber fraud cases using AI technology. Authorities urge residents to stay vigilant against advanced online scams.