തുടര്‍ച്ചയായ മൂന്നാം ദിവസവും യുഎഇയില്‍ ശക്തമായ മഴ. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഉച്ചയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കൂടുതല്‍ ശക്തമായത്.
അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖ്വയിന്‍, റാസല്‍ഖൈമ തുടങ്ങി വിവിധ എമേറേറ്റുകളില് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ടും രൂക്ഷമാണ്. ഫുജൈറയിലും റാസല്‍ഖൈമയിലും മലനിരകളില്‍ നിന്ന് വെള്ളം കുതിച്ചെത്തിയതോടെ വാദികള്‍ നിറഞ്ഞെുകവിഞ്ഞു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ എമിറേറ്റുകളിലെയും ബീച്ചുകള്‍ താല്‍ക്കാലികമായി അടച്ചു.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ട്സ്, ഐന്‍ ദുബായ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. വിവിധ എമിറേറ്റുകളിലെ പാര്‍ക്കുകളും അടഞ്ഞുകിടക്കുകയാണ്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ നേരിട്ടെങ്കിലും കാര്യമായ സര്‍വീസ് റദ്ദാക്കലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏപ്രില്‍ മൂന്ന് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി നിര്‍ദ്ദേശം നല്കി.
സ്കൂളുകള്‍ക്ക് പുറമെ നഴ്സറികള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ തീവ ജാഗ്രത പാലിക്കണമെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടു. താഴ്വരകളില്‍ നിന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കണം. വാഹനം ഓടിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം.
കടലില്‍ ഇറങ്ങുന്നതിനും മീന്‍പിടുത്തത്തിനും കര്‍ശന നിരോധനമുണ്ട്. വരും മണിക്കൂറുകളിലും മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കാലാവസ്ഥാ മാറ്റങ്ങള്‍ അറിയുന്നതിനായി ഔദ്യോഗിക ചാനലുകള്‍ പിന്തുടരണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Content Highlights: Heavy rainfall continues for the third consecutive day in the UAE, prompting authorities to issue safety alerts and urge residents to remain cautious.