ബിഗ് ടിക്കറ്റിന്റെ മാർച്ചിലെ ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കി മലയാളികൾ. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന 35 കാരനായ ലിജിൻ തോമസാണ് ഭാഗ്യശാലികളിലൊരാൾ. ഇത് രണ്ടാം തവണയാണ് ബിഗ് ടിക്കറ്റ് ഭാഗ്യം ലിജിനെ തേടിയെത്തുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ഖത്തറിൽ പ്രവാസിയായ ഷാജിൽ സുലൈമാനാണ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ വൻ തുക നേടിയ മറ്റൊരു മലയാളി.
കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലെ ഒരു ഓയിൽ ഫീൽഡിൽ ജോലി ചെയ്തുവരികയാണ് ലിജിൻ. കുടുംബം നാട്ടിലാണുള്ളത്. കഴിഞ്ഞ അഞ്ച് വർഷമായി ലിജിൻ മുടങ്ങാതെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പങ്കുചേരുന്നുണ്ട്. ഇതിനുമുമ്പ് ഒക്ടോബർ മാസത്തിൽ നടന്ന നറുക്കെടുപ്പിൽ ലിജിന് 250 ഗ്രാം സ്വർണ്ണം സമ്മാനമായി ലഭിച്ചിരുന്നു. ഇപ്പോൾ വീണ്ടും 200 ഗ്രാം സ്വർണ്ണം കൂടി ലഭിച്ചതോടെ ലിജിൻ ഇരട്ടി മധുരത്തിലാണ്. ലിജിനെ കൂടാതെ ഇന്ത്യയിൽ നിന്നും യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുമുള്ള മറ്റ് മൂന്ന് പേർ കൂടി ഈ ആഴ്ചയിലെ സ്വർണ്ണക്കട്ടിക്ക് അർഹരായിട്ടുണ്ട്.
മറ്റൊരു മലയാളിയായ ഷാജിൽ കുറെ വർഷങ്ങളായി ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. ഇത്തവണ 10 സുഹൃത്തുക്കൾ അടങ്ങുന്ന ഗ്രൂപ്പിനൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. തനിക്ക് ലഭിച്ച 200 ഗ്രാം സ്വർണ്ണം സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്നും 18 വർഷമായി തുടരുന്ന പ്രവാസ ജീവിതത്തിനിടയിലെ വലിയൊരു ആശ്വാസമാണ് ഈ വിജയമെന്നും ഷാജിൽ പ്രതികരിച്ചു. ബിഗ് ടിക്കറ്റ് അധികൃതരിൽ നിന്ന് തനിക്ക് സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ആ ഫോൺ കോൾ വിശ്വസിക്കാനായില്ലെന്നും വലിയ സന്തോഷമാണ് നൽകിയതെന്നും ഷാജിൽ കൂട്ടിച്ചേർത്തു.
ബിഗ് ടിക്കറ്റ് അധികൃതരോടും ഷാജിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഈ വലിയ വിജയത്തിന് ശേഷവും വരും മാസങ്ങളിലെ നറുക്കെടുപ്പുകളിൽ ഗ്രൂപ്പായി തന്നെ പങ്കെടുക്കുന്നത് തുടരുമെന്നാണ് ഷാജിലും കൂട്ടരും പറയുന്നത്. മാർച്ചിൽ ഇനിയും രണ്ട് പ്രതിവാര ഇ-നറുക്കെടുപ്പുകൾ കൂടി ബാക്കിയുണ്ടെന്ന് ബിഗ് ടിക്കറ്റ് അധികൃതർ സ്ഥിരീകരിച്ചു. ഓരോ നറുക്കെടുപ്പിലും നാല് വിജയികൾക്ക് വീതം 200 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടി വീതം ലഭിക്കും.
Content Highlights: A Malayali has won the Abu Dhabi Big Ticket again, marking a rare second win and bringing double joy with a massive prize.