ദുബായിൽ ഈദ് അവധി പ്രമാണിച്ച് സൗജന്യ പാർക്കിങ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ബഹുനില കെട്ടിടങ്ങളുടെ പാർക്കിങ്ങിൽ ഈ ഇളവ് ഉണ്ടാകില്ല.

ഈദ് അൽ ഫിത്തർ (ചെറിയ പെരുന്നാൾ) പ്രമാണിച്ച് ദുബായ് നഗരത്തിലുടനീളമുള്ള എല്ലാ പൊതു പാർക്കിങ് കേന്ദ്രങ്ങളിലും വാഹനം സൗജന്യമായി പാർക്ക് ചെയ്യാമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പെരുന്നാൾ ആദ്യദിനം മുതൽ മൂന്നാം ദിവസം അവസാനിക്കുന്നത് വരെയും ജനങ്ങൾക്ക് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാം. ബഹുനില കെട്ടിടങ്ങളുടെ പാർക്കിങ്ങിൽ ഈ ഇളവ് ഉണ്ടാകില്ല.

പെരുന്നാളിന്റെ നാലാം ദിവസം മുതൽ സാധാരണ നിരക്കുകൾ പുനരാരംഭിക്കുമെന്ന് ആർടിഎ പ്രസ്താവനയിൽ അറിയിച്ചു. ചന്ദ്രപ്പിറവി കാണുന്നതിനനുസരിച്ച് ഇസ്‌ലാമിക ഉത്സവമായ ഈദ് അൽ ഫിത്തർ മാർച്ച് 19 വ്യാഴാഴ്ചയോ മാർച്ച് 20 വെള്ളിയാഴ്ചയോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക കലണ്ടർ പ്രകാരമാണ് മാസങ്ങളുടെ തുടക്കം തീരുമാനിക്കുന്നത്.

മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 21 ശനിയാഴ്ച വരെയുള്ള ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിൽ എല്ലാ പൊതു​ഗതാ​ഗത സേവനങ്ങളുടെയും പ്രവർത്തന സമയവും ആർടിഎ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബായ് മെട്രോ (റെഡ്, ഗ്രീൻ ലൈനുകൾ) -

മാർച്ച് 18 മുതൽ 21 വരെ: പുലർച്ചെ 5:00 മുതൽ രാത്രി 1:00 വരെ

മാർച്ച് 22: രാവിലെ 8:00 മുതൽ രാത്രി 1:00 വരെ

ദുബായ് ട്രാം -

ബുധൻ മുതൽ ശനി വരെ: രാവിലെ 6:00 മുതൽ രാത്രി 1:00 വരെ

ഞായറാഴ്ച: രാവിലെ 9:00 മുതൽ രാത്രി 1:00 വരെ

ബസ് സർവീസുകളിലെ മാറ്റങ്ങൾ:

റൂട്ട് E100: മാർച്ച് 18 ഉച്ചയ്ക്ക് ശേഷം മുതൽ മാർച്ച് 22 വരെ അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് സർവീസ് ഉണ്ടായിരിക്കില്ല.

പകരമുള്ള സംവിധാനം: യാത്രക്കാർക്ക് ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള E101 ബസ് റൂട്ട് ഉപയോഗിക്കാം.

റൂട്ട് E102: മാർച്ച് 19 മുതൽ 2026 മാർച്ച് 22 വരെ അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മുസഫയിലേക്ക് (Musaffah) സർവീസ് നടത്തും.

വാഹന പരിശോധന കേന്ദ്രങ്ങൾ

ഈദ് അൽ ഫിത്തർ അവധി പ്രമാണിച്ച് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 21 ശനിയാഴ്ച വരെ വാഹന സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾ അടച്ചിരിക്കും. എന്നാൽ ഞായറാഴ്ച മുതൽ ചില കേന്ദ്രങ്ങളിൽ പരിശോധനാ സേവനങ്ങൾ പുനരാരംഭിക്കും. തസ്ജീൽ അൽ തവാർ, ഓട്ടോപ്രോ അൽ മൻഖൂൽ, തസ്ജീൽ അൽ അവിർ, തസ്ജീൽ ഡിസ്കവറി ഗാർഡൻസ്, അൽ യലായിസ്, ഷാമിൽ അൽ മുഹൈസ്ന, അൽ മുതകാമല അൽ ഖൂസ്, ഷാമിൽ നാദ് അൽ ഹമർ എന്നീ കേന്ദ്രങ്ങളാവും തുറന്ന് പ്രവർത്തിക്കുക. റമദാൻ 30 ദിവസം പൂർത്തിയാകുകയാണെങ്കിൽ, അവധി മാർച്ച് 22 ഞായറാഴ്ച വരെ നീളും. അങ്ങനെയെങ്കിൽ എല്ലാ സേവന കേന്ദ്രങ്ങളും അന്ന് അടഞ്ഞുകിടക്കും.

കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ

ഈദ് അവധി ദിനങ്ങളിൽ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പ്രവർത്തിക്കില്ല. എങ്കിലും, ചില കേന്ദ്രങ്ങൾ 24 മണിക്കൂറും തുടർന്നും പ്രവർത്തിക്കുന്നതാണ്. ഉമ്മു റമൂലിലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ, ദേരയിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്റർ, അൽ ബർഷ, അൽ തവാർ,അൽ കിഫാഫ്, ആർടിഎ ഹെഡ് ഓഫീസ് എന്നിവയാകും തുറന്ന് പ്രവർത്തിക്കുക.

Content Highlights: The Roads and Transport Authority announced free public parking across Dubai for the Eid holidays, with the exemption applicable to public zones but not multi-level parking facilities.

To advertise here,contact us