പശ്ചിമേഷ്യൻ സംഘർഷം; മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയ താമസക്കാർക്ക് ഇളവുകളുമായി യുഎഇ

അതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാൻ ആക്രമണം തുടരുകയാണ്

പശ്ചിമേഷ്യന്‍ സംഘര്‍ങ്ങളുടെ പശ്ചാത്തലത്തില്‍ താമസക്കാര്‍ക്ക് ഇളവുമായി യുഎഇ ഭരണകൂടം. വിമാനത്താവളങ്ങള്‍ അടച്ചതിന്റെ പേരില്‍ മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 28 ന് ശേഷം താമസവിസയുടെ കാലാവധി പിന്നിട്ടവര്‍ക്ക് മാര്‍ച്ച് 31 നകം യുഎഇയിലേക്ക് തിരിച്ച് വരാം. തിരിച്ചുവരാന്‍ പുതിയ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാൻ ആക്രമണം തുടരുകയാണ്. ഇന്നലെ ദുബായ് ക്രീക്ക് ഹാര്‍ബറിലും അല്‍ ബദാ മേഖലയിലും ആക്രമണമുണ്ടായി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ബഹ്റൈനിലെ ഇന്ധന ടാങ്കറുകള്‍ ലക്ഷ്യമാക്കിയും ഇറാന്റെ മിേൈസലുകളും ഡ്രോണുകളും എത്തി. ഇറാക്കില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചു. അതേസമയം അവകാശങ്ങള്‍ അമേരിക്കയും ഇസ്രയേലും അംഗീകരിച്ചാല്‍ സമാധാനത്തിന് തയാറാണെന്ന് ഉപാധിയുമായി ഇറാന്‍ രംഗത്ത് എത്തി.

തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ജിസിസി രാജ്യങ്ങളെ ലക്ഷ്യമിടുകയാണ് ഇറാന്‍. ഇന്നലെ പുലർച്ചെ ഉണ്ടായ ആക്രമണത്തില്‍ ദുബായ് ക്രീക്ക് ഹാര്‍ബര്‍ കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചു. ഉടന്‍ തന്നെ ആളുകളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. ചെറിയ തീപിടുത്തമുണ്ടായതായും ആര്‍ക്കും പരിക്കിക്കില്ലെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പിന്നാലെ ദുബായിലെ അല്‍ ബദാ മേഖലയിലും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായി. സുരക്ഷാ സേന തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ ഷെയ്ഖ് സായിദ് റോഡിലെ ഒരു കെട്ടിടത്തിന്റെ പുറംഭാഗത്ത് വീണതായും അധികൃതര്‍ അറിയിച്ചു.

സുരക്ഷാ നടപടികളുടെ ഭാഗമായി അമേരിക്കയുടെ ഉടമസ്ഥതയിലുള്ള സിറ്റി ബാങ്കിന്റെ യുഎഇയിലെ ശാഖകള്‍ താല്‍ക്കാലികമായി അടച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഇറാന്‍ ആക്രമണം നടത്തി. തുടര്‍ച്ചായായി ഉണ്ടായ ഡ്രോണ്‍ ആക്രമങ്ങളെ ശക്തമായി പ്രതിരോധിച്ചതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബഹ്‌റൈനില്‍ മുഹറഖ് ഗവര്‍ണറേറ്റിലെ ഇന്ധന ടാങ്കുകള്‍ ലക്ഷ്യമാക്കിയും ഇറാന്റെ ഡ്രോണുകളും മിസൈലുകളും എത്തി.

ആക്രമണത്തെ തുടര്‍ന്ന് അല്‍-ഹിദ്ദ്, ആറാദ്, ഗലാലി, സമാഹീജ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഖത്തറിലും ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാഖില്‍ എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചു. ടാങ്കറില്‍ ഉണ്ടായിരുന്ന 15 ഇന്ത്യക്കാരെ രക്ഷിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ ഇറാനില്‍ യുഎസ്, ഇസ്രയോല്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. അവകാശങ്ങള്‍ അംഗീകരിച്ചാല്‍ സമാധാനത്തിന് തയ്യാറാണെന്ന് ഇറാന്‍ വ്യക്തമാക്കി.

Content Highlights:

To advertise here,contact us