ഡിജിറ്റല്‍ കറന്‍സി ഇടപാടിന്റെ മറവില്‍ പ്രവാസിയില്‍ നിന്ന് ലക്ഷക്കണക്കിന് ദിര്‍ഹം തട്ടിയെടുത്ത കേസില്‍ ദുബായ് കോടതിയുടെ നിര്‍ണായക വിധി. വഞ്ചനയിലൂടെ കൈക്കലാക്കിയ 1.29 മില്യണ്‍ ദിര്‍ഹം ഇരക്ക് തിരികെ നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. പ്രതിക്ക് ക്രിമിനല്‍ ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സിവില്‍ കോടതിയുടെ ഉത്തരവും പുറത്ത് വന്നിരിക്കുന്നത്.
ആസൂത്രിതമായ തട്ടിപ്പാണ് പ്രതി നടത്തിയത്. ക്രിപ്റ്റോ കറന്‍സി വാലറ്റുള്ള പരാതിക്കാരനെ സമീപിച്ച് വലിയ തുകയ്ക്ക് ഡിജിറ്റല്‍ കറന്‍സി വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചാണ് പ്രതി ഇരയെ വലയിലാക്കിയത്. വിശ്വാസം പിടിച്ചുപറ്റാനായി താന്‍ അയച്ചതാണെന്ന് അവകാശപ്പെട്ട് ചില അറബ് വംശജരെ ഇടനിലക്കാരായി ഇരയുടെ ഓഫീസിലേക്കും അയക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത ദിവസം നേരിട്ടെത്തിയ പ്രതി, തന്റെ പക്കല്‍ വലിയ തുകയുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ പണം പ്രദര്‍ശിപ്പിച്ചു.
പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ച പരാതിക്കാരന് 12,91,500 ദിര്‍ഹം മൂല്യമുള്ള ക്രിപ്റ്റോ ആസ്തികള്‍ പ്രതിയുടെ വാലറ്റിലേക്ക് കൈമാറി. എന്നാല്‍ വാഗ്ദാനം ചെയ്ത പണം നല്‍കാതെ ഡിജിറ്റല്‍ ആസ്തികളുമായി പ്രതി മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പൊലീസിന് മുന്നില്‍ എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിലൂടെ ദുബായ് പൊലീസ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ കേസ് പബ്ലിക് പ്രോസിക്യൂഷന് മുന്നിലും എത്തി.
കേസ് പരിഗണിച്ച ക്രിമിനല്‍ കോടതി പ്രതിക്ക് 10,000 ദിര്‍ഹം പിഴ ചുമത്തുകയും തട്ടിയെടുത്ത തുക ഇരയ്ക്ക് നല്കാന് ഉത്തരവിടുകയും ചെയ്തു. ലൈസന്‍സില്ലാതെ വെര്‍ച്വല്‍ അസറ്റ് ഇടപാടുകള്‍ നടത്തിയതിന് പരാതിക്കാരനും കോടതി പിഴ ചുമത്തി. അംഗീകൃത ലൈസന്‍സില്ലാത്ത വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും നിയമപരമായ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
Content Highlights: