യുഎഇയിൽ അവശ്യവസ്തുക്കളുടെ വിലവർദ്ധനവ് ഉണ്ടായതായി അധികൃതർ; ആശങ്കപ്പെടേണ്ടെന്ന് മുന്നറിയിപ്പ്

അവശ്യവസ്തുക്കളുടെ ലഭ്യത വർധിക്കുന്നതോടെ വിപണികളിൽ വില സാധാരണ നിലയിലാകുമെന്ന് അധികൃതർ അറിയിച്ചു

യുഎഇയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി തക്കാളി, ഉള്ളി തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കളുടെ വിലയിൽ താൽക്കാലിക വർധനവുണ്ടായതായി അധികൃതർ. വിലക്കയറ്റം നിയന്ത്രിക്കാനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം രാജ്യത്തുടനീളമുള്ള വിപണികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള പ്രാദേശിക പ്രതിസന്ധികൾ കാരണമാണ് ചെറിയൊരു വിലവർധന ഉണ്ടായതെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, വിപണിയിൽ സ്ഥിരത ഉറപ്പാക്കുന്നതിനായി വില വർദ്ധന ബാധിക്കപ്പെട്ട ഉത്പ്പന്നങ്ങൾ ഇതിനോടകം തന്നെ ധാരാളമായി എത്തിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അവശ്യവസ്തുക്കളുടെ ലഭ്യത വർധിക്കുന്നതോടെ വിപണികളിൽ വില സാധാരണ നിലയിലാകുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലുടനീളം ഭക്ഷണ ഉത്പ്പന്നങ്ങൾ ലഭ്യമാണ്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യുഎഇയിലെ എല്ലാ എമിറേറ്റുകളിലുമുള്ള ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ആശയവിനിമയം ഉണ്ടെന്നും വിപണികൾ നിരന്തരം നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. വ്യാപാരികൾ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും വില നിയന്ത്രണ നയങ്ങളും പാലിക്കുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കും.

പാചക എണ്ണ, മുട്ട, പാൽ ഉത്പ്പനങ്ങൾ, അരി, പഞ്ചസാര, കോഴിയിറച്ചി, പയറുവർഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നിങ്ങനെ ഒമ്പത് പ്രധാന ഉത്പ്പന്നങ്ങൾ നിയന്ത്രിത വില നയത്തിന് കീഴിലാണ് വരുന്നത്. മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട ദേശീയ സമിതിയുടെയും മുൻകൂർ അനുമതിയില്ലാതെ ഈ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ പാടില്ല.

അവശ്യസാധനങ്ങളുടെ ആവശ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള വിപണന കേന്ദ്രങ്ങളിൽ മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനാവശ്യമായ വിലക്കയറ്റം തടയുന്നതിനായി സാമ്പത്തിക വികസന വകുപ്പുകളുമായി ചേർന്ന് രൂപീകരിച്ച സംയുക്ത ദേശീയ നിരീക്ഷണ സംഘം ദിവസേന ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ പോലും വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന വിധത്തിൽ ആറ് മാസത്തേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരം യുഎഇയിൽ ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിതരണ ശൃംഖലകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും സാധനങ്ങൾ തടസ്സമില്ലാതെ വിപണിയിൽ എത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: UAE authorities confirm increase in prices of some essential goods but assure residents there is no need to worry as monitoring measures are in place.

To advertise here,contact us