കെട്ടിട നിർമാണ മേഖലയിൽ സമ​ഗ്ര മാറ്റം ലക്ഷ്യം; പുതിയ നിയമവുമായി ദുബായ്

സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുന്നതാണ് ദുബായ് ഭരണകൂടം പുറത്തിറക്കിയ പുതിയ നിയമം.

ദുബായില്‍ കെട്ടിട നിര്‍മാണ മേഖലയില്‍ സമഗ്ര പരിഷ്‌കാരം ലക്ഷ്യമിട്ട് പുതിയ നിയമം നടപ്പിലാക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ നിയമം പുറത്തിറക്കിയത്. താമസക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കാനും അപകടങ്ങള്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ളതാണ് നിയമം.

സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുന്നതാണ് ദുബായ് ഭരണകൂടം പുറത്തിറക്കിയ പുതിയ നിയമം. കെട്ടിടങ്ങളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനും കെട്ടിടങ്ങളുടെ സ്ഥിരത ഉറപ്പാക്കുന്നതിനും പുതിയ നിയമത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. താമസക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കാനും അപകടങ്ങള്‍ ഇല്ലാതാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ദുബായ് നഗരത്തിന്റെ ഐഡന്റിറ്റി നിലനിർത്തിയാകണം കെട്ടിടങ്ങള്‍ നിര്‍മിക്കേണ്ടതെന്ന് നിയമത്തില്‍ പറയുന്നു.

ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഫ്രീസോണുകളിലും സ്വകാര്യ വികസന മേഖലകളിലുമടക്കമുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും നിയമം ബാധകമാണ്. ദുബായ് മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തിലായിരിക്കും നിയമം നടപ്പിലാക്കുക. ഡിജിറ്റല്‍ മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ഓരോ കെട്ടിടങ്ങളുടെയും ഡേറ്റാബേസും മുന്‍സിപ്പാലിറ്റി തയ്യാറാക്കും. മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൃത്യമായ പരിശോധനകള്‍ക്ക് ശേഷമേ കെട്ടിടങ്ങള്‍ക്ക് ക്വാളിറ്റി ആന്‍ഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാവു എന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

40 വര്‍ഷത്തില്‍ താഴെയുള്ള കെട്ടിടങ്ങള്‍ക്ക് 10 വര്‍ഷമാണ് ക്വാളിറ്റി ആന്‍ഡ് സേഫറ്റി സര്‍ട്ടിഫിക്കേറ്റിന്റെ കാലാവധി. നാല്‍പ്പതോ അതില്‍ കൂടുതലോ പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് ആയിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക. നിയമലംഘകര്‍ക്ക് 100 മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെയാണ് പിഴ. തുടര്‍ച്ചയായി നിയമലംഘനം കണ്ടെത്തിയാല്‍ 20 ലക്ഷം ദിര്‍ഹംവരെ പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Content Highlights: Dubai introduces new law to reform the construction sector, aiming to improve building standards, safety regulations, and sustainable urban development.

To advertise here,contact us