യുഎഇയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സപ്രസും. യുഎഇയിലെ ഏത് വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഏത് നഗരങ്ങളിലേക്കും അധിക നിരക്ക് ഇല്ലാതെ ടിക്കറ്റുകള്‍ റീ ബുക്ക് ചെയ്യാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ പ്രഖ്യാപനം.
സംഘര്‍ഷ സാഹചര്യങ്ങളെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ യാത്ര മുടങ്ങിയവര്ക്കായാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സപ്രസ് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം അധിക നിരക്കില്ലാതെ ടിക്കറ്റുകള്‍ റീബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയും. യുഎഇയിലെ ഏത് വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഏത് നഗരത്തിലേക്കും പ്രത്യേക ഫീസ് നല്‍കാതെ തന്നെ ടിക്കറ്റുകള്‍ റീബുക്ക് ചെയ്യാം.
നിലവില്‍ വിമാനം റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് തങ്ങളുടെ സൗകര്യപ്രദമായ മറ്റൊരു റൂട്ടിലേക്ക് ബുക്കിംഗ് മാറ്റുന്നതിന് ഇതിലൂടെ കഴിയും. ഉദാഹരണത്തിന് ദുബായ്-ജയ്പൂര്‍ വിമാനം റദ്ദാക്കപ്പെട്ട ഒരാള്‍ക്ക് അധിക തുക നല്‍കാതെ തന്നെ റാസല്‍ഖൈമ-ഡല്‍ഹി സര്‍വീസിലേക്ക് ടിക്കറ്റ് മാറ്റാന്‍ സാധിക്കും. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും സര്‍വീസുകള്‍ക്ക് ഈ ഇളവ് ബാധകമാണ്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് മുതല്‍ യുഎഇയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എന്നീ നഗരങ്ങളില്‍ നിന്ന് മുംബൈ, ഡല്‍ഹി, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ ഉണ്ടാകും. മസ്കറ്റില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും കൂടുതല്‍ വിമാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ മേഖലയില്‍ 43 സര്‍വീസുകള്‍ നടത്തിയിരുന്നു.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സുരക്ഷിതമായ വ്യോമപാതകളിലൂടെയാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 'ടിയ' എന്ന വാട്സ്ആപ്പ് അസിസ്റ്റന്റ് വഴിയും റീബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാനാകും. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ലൈന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
Contnet Highlights: Airlines in the UAE have introduced low-fare flight services, offering major relief to expatriates stranded in the country and helping them travel at affordable rates.