ദുബായ്ക്ക് സ്നേഹം നിറഞ്ഞ യാത്രാമൊഴി; സുരക്ഷയൊരുക്കിയ ഭരണാധികാരികൾക്ക് ഹൃദ്യമായ സന്ദേശവുമായി ഇന്ത്യൻ ബാലിക

പ്രവാസികൾക്ക് ഈ രാജ്യത്തോടുള്ള സ്നേഹം എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു വിമാനത്താവളത്തിലെ ഈ കാഴ്ച

ദുബായ്: സ്വന്തം നാടായ ഇന്ത്യയിലേക്ക് മടങ്ങവെ യുഎഇക്കും ഭരണാധികാരികൾക്കും ഹൃദയസ്പർശിയായ കുറിപ്പിലൂടെ നന്ദി പറഞ്ഞ് ഇന്ത്യൻ ബാലിക. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തനിഷ്ക വീർ എന്ന പെൺകുട്ടി രാജ്യത്തോടുള്ള തന്റെ സ്നേഹവും കടപ്പാടും വെളിപ്പെടുത്തുന്ന ബോർഡുമായി എത്തിയത്.

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു തനിഷ്കയുടെ സന്ദേശം. വിമാനത്താവളത്തിലെ പാസ്‌പോർട്ട് കൺട്രോൾ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച ഊഷ്മളവും ആദരവ് നിറഞ്ഞതുമായ സേവനങ്ങൾക്ക് അവൾ നന്ദി അറിയിച്ചു.

മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്കിടയിലും പൗരന്മാർക്കും പ്രവാസികൾക്കും സുരക്ഷയൊരുക്കുന്നതിൽ രാജ്യം കാണിക്കുന്ന ജാഗ്രതയെ പെൺകുട്ടി എടുത്തുപറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർക്കും തനിഷ്ക പ്രത്യേക നന്ദി രേഖപ്പെടുത്തി. പ്രതിസന്ധി ഘട്ടങ്ങളെ തികഞ്ഞ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്ത് രാജ്യത്ത് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന ഭരണാധികാരികളുടെ നടപടികളെ അവൾ പ്രശംസിച്ചു.

"യുഎഇക്ക് നന്ദി. നിങ്ങൾ രാവും പകലും ഞങ്ങളെ സംരക്ഷിച്ചു. എന്റെ ജനലിന് പുറത്തുനിന്ന് വലിയ ശബ്ദങ്ങൾ കേട്ടെങ്കിലും യുഎഇയുടെ വ്യോമസേനയും പൊലീസും ഞങ്ങൾക്ക് സുരക്ഷയൊരുക്കി. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും പ്രിൻസ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും നന്ദി. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു," തനിഷ്ക തന്റെ സന്ദേശത്തിൽ കുറിച്ചു.

പ്രവാസികൾക്ക് ഈ രാജ്യത്തോടുള്ള സ്നേഹം എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു വിമാനത്താവളത്തിലെ ഈ കാഴ്ച. ദുബായ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണെന്ന് അടിവരയിടുന്നതാണ് ഈ ബാലികയുടെ വാക്കുകൾ. "യുഎഇയിലെ അഭിമാനിയായ ഒരു താമസക്കാരിയാണ് ഞാൻ" എന്ന വരികളോടെയാണ് തനിഷ്ക തന്റെ ഹൃദ്യമായ സന്ദേശം അവസാനിപ്പിച്ചത്.

Content Highlights: An Indian girl leaving Dubai shared a heartfelt farewell message thanking the emirate’s rulers and authorities for ensuring safety and care, touching many on social media.

To advertise here,contact us